കാപ്പാ കേസില്‍ നാടുകടത്തപ്പെട്ട പ്രതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
കോട്ടയം:കാപ്പാ കേസില്‍ നാടുകടത്തപ്പെട്ട പ്രതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോട്ടയം തിരുവഞ്ചൂര്‍ പ്ലാന്‍കുഴിയില്‍ ജയകൃഷ്ണന് (26) ആണ് എരമല്ലൂരില്‍ കൊല്ലപ്പെട്ടത്. എരമല്ലൂര്‍ കിഴക്കുഭാഗത്തെ പൊറോട്ട കമ്പനിയോട് ചേര്‍ന്ന് ജീവനക്കാര്‍ താമസിക്കുന്ന മുറിയിലാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിനു സമീപത്തു നിന്ന് തേങ്ങാ പൊതിക്കുന്ന ഇരുമ്പുപാര കണ്ടെത്തി.
ഒപ്പമുണ്ടായിരുന്ന സഹായിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിനു പിന്നാലെ ഇയാള്‍ രക്ഷപെട്ടിരുന്നു. കുത്തിയും അടിച്ചും കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എരമല്ലൂര്‍ ബാറിനു സമീപം പ്രവര്‍ത്തിക്കുന്ന പൊറോട്ട കമ്പനിയില്‍ നിന്ന് പൊറോട്ട വാങ്ങി വിതരണം ചെയ്തിരുന്നു ജയകൃഷ്ണന്.
രാത്രി തൊഴിലാളികള്‍ താമസിക്കുന്നയിടത്ത് ഉറങ്ങിയ ശേഷം പുലര്‍ച്ചെ വാഹനത്തില്‍ പൊറോട്ടയുമായി പോവുകയായിരുന്നു പതിവ്. പുലര്‍ച്ചെ കമ്പനിയിലെ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.