കാസര്‍കോട്: ശരത്ലാലിന്റെയും കൃപേഷിന്റേയും കൊലപാതകം സി.ബി.ഐ അന്വേഷിക്കുന്നത് തടയാനും കേസ് അട്ടിമറിക്കാനും മുഖ്യമന്ത്രിയുടെ ഓഫീസ് പ്രത്യേകമായി ഇടപെടുന്നതിനാലാണ് ക്രൈംബ്രാഞ്ച് കേസ് ഡയറിയും അനുബന്ധ രേഖകളും ഹൈക്കോടതി വിധി വന്നു നാല് മാസം കഴിഞ്ഞിട്ടും സി.ബി.ഐക്ക് കൈമാറാത്തതെന്ന് ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍. അന്വേഷണ ഏജന്‍സി മാറിയാല്‍ ഒരു ദിവസം പോലും കേസ് ഡയറിയും അനുബന്ധ രേഖകളും കൈവശം വെക്കാന്‍ അധികാരമില്ലാതിരിക്കെ നിയമവിരുദ്ധ നീക്കത്തിന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നത് മുഖ്യമന്ത്രിയുടെയും ഡി. ജി.പി യുടെയും സംരക്ഷണം ഉറപ്പായതുകൊണ്ടാണ്. രണ്ട് ചെറുപ്പക്കാരുടെ ക്രൂരമായ കൊലപാതകത്തിലെ യഥാര്‍ത്ഥ പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ രക്ഷിതാക്കള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചു നേടിയ വിധിക്കെതിരെ അപ്പീല്‍ നല്‍കിയിട്ടും ഫലമില്ലെന്ന് കണ്ടപ്പോള്‍ അധികാരദുര്‍വിനിയോഗം നടത്തി കേസ് രേഖ കൈമാറാതെ മുഖ്യമന്ത്രി അല്പത്തരം കാണിക്കുകയാണെന്ന് ഡി.സി.സി പ്രസിഡണ്ട് ആരോപിച്ചു. കണ്ണൂരിലെ സി.പി.എം ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്ക് മുന്‍പ് കൊലവിളി പ്രസംഗം നടത്തിയ ഉന്നത നേതാക്കള്‍ക്കും കൃത്യത്തില്‍ പങ്കുണ്ടെന്നും സി.ബി.ഐ വന്നാല്‍ അവര്‍ കുടുങ്ങുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് സി.ബി.ഐ അന്വേഷണം അട്ടിമറിക്കാന്‍ മുഖ്യമന്ത്രി വ്യഗ്രത കാണിക്കുന്നതെന്ന് ഡി.സി.സി പ്രസിഡണ്ട് ആരോപിച്ചു. ആവശ്യമെന്ന് കണ്ടാല്‍ ഈ വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കാനും തയ്യാറാണെന്ന് ഹക്കീം കുന്നില്‍ കൂട്ടിച്ചേര്‍ത്തു.