കവർച്ചാശ്രമം തടഞ്ഞ വിദ്യാർത്ഥിനിയെ വെടിവെച്ചു കൊന്നു; ഇന്ത്യൻ വംശജൻ അറസ്റ്റിൽ
ഹൂസ്റ്റൻ: കവർച്ച തടയാൻ ശ്രമിച്ച വിദ്യാർത്ഥിനിയെ ഇന്ത്യൻ വംശജൻ വെടിവെച്ചു കൊന്നു. നേപ്പാൾ സ്വദേശിനിയായ മുന പാണ്ഡെ (21)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇന്ത്യൻ വംശജനായ ബോബിസിങ്ഷാ (52)യെ പൊലീസ് അറസ്റ്റ് ചെയ്തു. പഠനത്തിനായി 2021ൽ ഹൂസ്റ്റണിൽ എത്തിയ മുന ഒരു അപ്പാർട്ട്മെൻ്റിലാണ് താമസിച്ചിരുന്നത്. അപ്പാർട്ട്മെന്റിൽ കവർച്ചയ്ക്കെത്തിയതായിരുന്നു ബോബി. കവർച്ച തടയാനുള്ള ശ്രമം നടത്തിയ മുനയെ വെടിവെക്കുകയായിരുന്നു. അപ്പാർട്ട്മെന്റിൽ യുവതി മരിച്ചു കിടക്കുന്നുവെന്ന അജ്ഞാത ഫോൺ കോളിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. പരിശോധനയിൽ മുനയുടെ ശരീരത്തിൽ മൂന്നു വെടിയുണ്ടകൾ തുളച്ചു കയറിയതായി കണ്ടെത്തി. സിസിടിവി ദൃശ്യം പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റു ചെയ്തത്.