ക്രിക്കറ്റിൽ വീണ്ടും ‘ദ്രാവിഡ് യുഗം’; ഓസ്ട്രേലിയക്കെതിരായ അണ്ടർ19 ടീമില്‍ സമിത് ദ്രാവിഡ്
ബെംഗളൂരു: ഇന്ത്യൻ ക്രിക്കറ്റിൽ വീണ്ടുമൊരു ദ്രാവിഡ് യുഗത്തിന്റാരംഭം. സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിലായി നടക്കുന്ന അണ്ടർ -19 ക്രിക്കറ്റ് ടൂർണമെന്റിൽ ഓസ്ട്രേലിയയ്ക്കെതിരെ രാഹുൽ ദ്രാവിഡിന്റെ മകൻ സമിത് ദ്രാവിഡും ഇന്ത്യൻ ടീമിൽ ഇടംനേടി. മൂന്ന് ഏകദിന മത്സരങ്ങൾ, രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ സമിത് ദ്രാവിഡ് കളിക്കും. പോണ്ടിച്ചേരിയിലും ചെന്നൈയിലുമായിട്ടാണ് മത്സരം.
നിലവിൽ മൈസൂർ വാരിയേഴ്സിന് വേണ്ടിയാണ് സമിത് കളിക്കുന്നത്. കർണാടകയിൽ നടന്ന മഹാരാജ ടി 20 ട്രോഫിയിൽ മോശമല്ലാത്ത പ്രകടനം താരം കാഴ്ചവെച്ചിരുന്നു. 114 സ്ട്രൈക്ക് റേറ്റിൽ ഏഴ് മത്സരങ്ങളിലായി 82 റൺസായിരുന്നു മഹാരാജ ടി 20 ട്രോഫിയിൽ സമിത് നേടിയത്. 33 റൺസാണ് ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ. മീഡിയം പേസ് ബൗളർ കൂടിയാണ് സമിത്.
നേരത്തെ കർണാടകയെ കൂച്ച് ബിഹാർ ട്രോഫി നേടുന്നതിൽ സമിത് നിർണായക പങ്കുവഹിച്ചിരുന്നു. എട്ട് മത്സരത്തിൽ നിന്നും 362 റൺസായിരുന്നു സമിതിന്റെ സമ്പാദ്യം. 16 വിക്കറ്റും ഈ ടൂർണമെന്റിൽ നേടിയിരുന്നു. മുംബൈയെ തോല്പിച്ചാണ് കര്‍ണാടക കിരീടം ചൂടിയത്.