50ഗ്രാം എം.ഡി.എം.എയുമായി ഇരട്ട പേരുകാരനായ യുവാവ് അറസ്റ്റിൽ
കാസർകോട്: മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ കൈനോത്ത് വൻ മയക്കുമരുന്നു വേട്ട; യുവാവ് അറസ്റ്റിൽ. കർണ്ണാടക, മൂടിഗരെ ചിക്കമംഗ്ളൂരുവിലെ അബ്ദുൽ റഹ്മാൻ എന്ന രവി(28)യെ ആണ് മേൽപ്പറമ്പ് എസ്.ഐ വി.കെ അനീഷും സംഘവും അറസ്റ്റു ചെയ്തത്. കൊപ്പലിലെ ഒരു വീട്ടുപറമ്പിലെ ജോലിക്കാരനാണ് ഇയാൾ. പ്രതിയിൽ നിന്നു 50ഗ്രാം എം.ഡി.എം.എ പിടികൂടി. ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ്പയ്ക്കു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് എസ്.ഐ.യുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാത്രി കൈനോത്ത് വാഹനപരിശോധന നടത്തുന്നതിനിടയിലാണ് യുവാവ് സ്കൂട്ടറിൽ എത്തിയത്. പൊലീസ് കൈ കാണിച്ചപ്പോൾ സ്കൂട്ടർ നിർത്തി ഇറങ്ങിയോടിയ യുവാവിനെ പിന്തുടർന്ന് മൽപ്പിടുത്തത്തിലൂടെയാണ് കീഴടക്കിയത്. ദേഹ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്. പൊലീസ് സംഘത്തിൽ എസ്.ഐ ശശിധരൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ രജ്ഞിത്ത് ഡ്രൈവർ സജിത്ത് എന്നിവരും ഉണ്ടായിരുന്നു.