ലക്ഷങ്ങൾ വിലമതിക്കുന്ന എം.ഡി.എം.എ.യുമായി അഡൂർ, കീഴൂർ സ്വദേശികൾ അറസ്റ്റിൽ
കാസർകോട്: കാറിൽ കടത്തിയ ലക്ഷങ്ങൾ വിലമതിക്കുന്ന എം.ഡി.എം.എയുമായി മൂന്നു പേർ അറസ്റ്റിൽ. കളനാട്, കീഴൂരിലെ ഷാജഹാൻ പി.എം (32), അഡൂർ ദേവറടുക്കയിലെ മുഹമ്മദ് നിഷാദ് (27), മടിക്കേരി, അബിഫാൾസിലെ മൻസൂർ എം.എം (27) എന്നിവരാണ് മംഗ്ളൂരു സി.സി.ബി പൊലീസിൻ്റെ പിടിയിലായത്. മംഗ്ളൂരുവിലേക്ക് കാറിൽ മയക്കുമരുന്നുമായി ഒരു സംഘം എത്തുന്നതായുള്ള രഹസ്യവിവരത്തെത്തുടർന്ന് സൂറത്ത്കല്ലിൽ നടത്തിയ വാഹനപരിശോധനയ്ക്ക് ഇടയിലാണ് സംഘം പിടിയിലായത്. പ്രതികളിൽ നിന്നു 42 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. മയക്കുമരുന്നു കടത്തിനുപയോഗിച്ച കാർ, അഞ്ച് മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക്സ് ത്രാസ് എന്നിവയും കണ്ടെടുത്തിട്ടുണ്ട്. ഷാജഹാനെതിരെ കാസർകോട്, കുമ്പള, വിദ്യാനഗർ, മേൽപ്പറമ്പ് പൊലീസ് സ്റ്റേഷനുകളിൽ മയക്കുമരുന്നു കേസുള്ളതായി പൊലീസ് പറഞ്ഞു. മുഹമ്മദ് നിഷാദിനെതിരെ പുത്തൂർ, മടിക്കേരി സ്റ്റേഷനുകളിൽ വാഹനമോഷണകേസുകൾ ഉള്ളതായും കൂട്ടിച്ചേർത്തു.