മുംബൈ പോലീസ് ചമഞ്ഞ് ഓൺലൈൻ തട്ടിപ്പ്; നാലംഗ സംഘം പിടിയിൽ
കാക്കനാട്: മുംബൈ പോലീസ് ചമഞ്ഞ് ഇൻഫോപാർക്ക് ജീവനക്കാരന്റെ 2.64 ലക്ഷം രൂപ തട്ടിയ സംഘം അറസ്റ്റിൽ. കാക്കനാട് ഇടച്ചിറ ഫ്ളാറ്റിൽ താമസിക്കുന്ന കന്യാകുമാരി സ്വദേശിയുടെ പരാതിയിൽ തിരൂർ കുണ്ടാനിയിൽ മുഹമ്മദ് നിഷാം (20), ചാവക്കാട് മമ്മാജറയില്ലത്ത് ഹസ്നുൽ മിജ്വാദ് (24), ചാവക്കാട് കരുഞ്ഞാട്ടെകയിൽ മുഹമ്മദ് അജ്മൽ (22), മട്ടാഞ്ചേരി പുത്തൻപുരയ്ക്കൽ പി.എസ്. അമീർ (24) എന്നിവരാണ് ഇൻഫോപാർക്ക് പോലീസിന്റെ പിടിയിലായത്.
യുവാവിന്റെ ഫോണിൽനിന്ന് അപകീർത്തികരമായ സന്ദേശങ്ങളും അനധികൃത പരസ്യങ്ങളും അയച്ചതിനാൽ കേസുണ്ടെന്നായിരുന്നു മുംബൈ പോലീസ് ചമഞ്ഞു വിളിച്ച തട്ടിപ്പ് സംഘം അറിയിച്ചത്. യുവാവ് അക്കൗണ്ട് വിവരങ്ങളും നിക്ഷേപവും റിസർവ് ബാങ്കിനു നൽകണമെന്നും പരിശോധിച്ച ശേഷം തിരികെ നൽകാമെന്നും വിശ്വസിപ്പിച്ചാണ് സംഘം 2.64 ലക്ഷം രൂപ തട്ടിയെടുത്തത്. സംഘത്തിലെ ഒളിവിൽ കഴിയുന്ന മുഖ്യ പ്രതി നൗഷാദിനെ പിടികിട്ടിയിട്ടില്ല. ഒട്ടേറെ ഓൺലൈൻ തട്ടിപ്പ് കേസുകളിലെ പ്രതിയാണ് നൗഷാദെന്നും സംഘം രണ്ട് കോടി രൂപയോളം പലരിൽനിന്നായി തട്ടിയെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ഇൻഫോപാർക്ക് സി.ഐ. ജെ.എസ്. സജീവ് കുമാർ, എസ്.ഐ.മാരായ ടി.എസ്. അരുൺകുമാർ, വി.എ. ബദർ, പോലീസുകാരായ വിനു, കണ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.