കാസർകോട്ടേക്ക് കാറിൽ കടത്തുകയായിരുന്ന 3000 ഇ-സിഗരറ്റുകൾ പിടികൂടി;മഞ്ചേശ്വരം സ്വദേശികൾ അറസ്റ്റിൽ
കാസർകോട്: കാസർകോട്ടേക്ക് കാറിൽ കടത്തുകയായിരുന്ന 3000 ഇ-സിഗരറ്റുകൾ പിടികൂടി. മഞ്ചേശ്വരം സ്വദേശികളായ മുഹമ്മദ് ഷെരീഫ്, മുഹമ്മദ് ബഷീർ എന്നിവരെ കാസർകോട് ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാവിലെ ചന്ദ്രഗിരി റോഡ് ജംഗ്ഷനിലാണ് സംഭവം. പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടയിലാണ് കാർ റോഡരുകിൽ നിർത്തിയിട്ട് ടയർ മാറ്റുന്നത് പൊലീസിൻ്റെ ശ്രദ്ധയിൽ പെട്ടത്. സംശയം തോന്നി യുവാക്കളെ സമീപിച്ചു. ഇരുവരുടെയും മുഖത്ത് പരിഭ്രമം കണ്ടതോടെ കാറിനകത്തു പരിശോധിച്ചപ്പോഴാണ് ഇ-സിഗരറ്റുകൾ കണ്ടെത്തിയത്. തുടർന്ന് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറത്തു നിന്നാണ് ഇ-സിഗരറ്റുകൾ കൊണ്ടുവന്നതെന്നാണ് ഇരുവരും നൽകിയ മൊഴി. ചന്ദ്രഗിരി ജംഗ്ഷനു സമീപത്തു വച്ച് കാറിൻ്റെ ടയർ പൊട്ടിയതു കൊണ്ടു മാത്രമാണ് ഇ- സിഗരറ്റുകളുമായി പൊലീസിൻ്റെ പിടിയിലായത്.