മാവിനകട്ടയിൽ കാറും ബസ്സും കൂട്ടിയിടിച്ച് പരിക്കേറ്റ ഉപ്പള സ്വദേശിയയായ യുവാവ് മരിച്ചു
കാസർകോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ മാവിനക്കട്ടയിൽ ബുധനാഴ്ച രാവിലെ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച ഉപ്പള സ്വദേശിയായ യുവാവിൻ്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മംഗൽപാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഉപ്പള, സോങ്കാൽ, പ്രതാപ് നഗർ, പള്ളിക്ക് സമീപത്തെ ദഫ്രീന മൻസിലിൽ അബൂബക്കർ മുബഷീർ (20) മംഗ്ളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രിയാണ് മരണപ്പെട്ടത്. മുബഷീർ ഓടിച്ചിരുന്ന കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചായിരുന്നു അപകടം. ഗൾഫിലായിരുന്ന മുബഷീർ ദന്ത ചികിത്സയുമായി ബന്ധപ്പെട്ട കാര്യത്തിനാണ് നാട്ടിലെത്തിയത്. ചികിത്സ കഴിഞ്ഞ് സെപ്തംബർ ആറിനു തിരികെ പോകാൻ ടിക്കറ്റെടുത്തിരുന്നു. മുള്ളേരിയയിലുള്ള സുഹൃത്തിനോട് യാത്ര ചോദിക്കാൻ പോകുന്നതിനിടയിലാണ് മുബഷീർ അപകടത്തിൽ പെട്ടത്. നാട്ടിൽ വലിയ സുഹൃദ്ബന്ധമായിരുന്നു. മുബഷീറിൻ്റെ അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ഉപ്പളയിലെ ഓട്ടോ ഡ്രൈവറായ അബ്ദുൽ റഹ്്മാൻ- സീനത്ത് ദമ്പതികളുടെ മകനാണ് മുബഷീർ. സഹോദരങ്ങൾ:ജഫ്രീന, മഹ്റൂഫ്.