പിലിക്കോട് മൂന്നുവാഹനങ്ങൾ കൂട്ടിയിടിച്ചു; മൂന്നുപേർക്ക് പരിക്ക്
കാസർകോട്: പിലിക്കോട് ഗവ.ഹയർസെക്കൻഡറി സ്കൂളിന് സമീപം ദേശീയപാതയിൽ മൂന്നുവാഹനങ്ങൾ കൂട്ടിയിടിച്ചു. മൂന്നുപേർക്ക് പരിക്ക്. ബുധനാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടം. കൊച്ചിയിൽനിന്ന് നീലേശ്വരത്തേയ്ക്ക് പോവുകയായിരുന്ന മരത്തടി കയറ്റി വന്ന ലോറി കയറ്റത്തിൽ ബ്രേക്ക് തകരാറിലായി പിറകോട്ട് പാഞ്ഞാണ് അപകടം. പിറകിലുണ്ടായിരുന്ന പിക്കപ്പ് വാനിനെ ഇടിച്ച ശേഷം റോഡരികിലെ സുരക്ഷാവേലിയിൽ ഇടിച്ചുനിൽക്കുകയായിരുന്നു. അതിനിടെ ചെറുവത്തൂർ ഭാഗത്തുനിന്നും അമിത വേഗതയിലെത്തിയ മിനിലോറി തടി ലോറിയിലിടിച്ചു. അപകടത്തിൽ രണ്ടുവാഹനങ്ങളുടെയും മുൻഭാഗം തകർന്നു. ലോറി ഡ്രൈവർ മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് ബഷീറി(44)ന്റെ കാലിന് പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുരണ്ടുപേർക്ക് നിസാര പരിക്കാണ്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ അരമണിക്കൂർ ഗതാഗതം തടസപ്പെട്ടു. ചന്തേര പൊലിസെത്തി അപകടത്തിൽപെട്ട വാഹനം മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.