പരിയാരത്തേക്ക് കൊണ്ടു പോയ മൃതദേഹം കോഴിക്കോട്ടേക്ക് മാറ്റി, പോസ്റ്റുമോർട്ടത്തിനു ശേഷം തുടർ നടപടികളെന്ന് പൊലീസ്
കാസർകോട്: മംഗൽപ്പാടി പഞ്ചായത്തിലെ ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്സിംഗ് ട്രെയിനിയായ യുവതിയുടെ മരണത്തിലെ ദുരൂഹത തുടരുന്നു. പരിയാരത്തേക്ക് പോസ്റ്റുമോർട്ടത്തിനു കൊണ്ടു പോയ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബന്ധുക്കളുടെ ആവശ്യത്തെത്തുടർന്നാണ് പോസ്റ്റുമോർട്ടം കോഴിക്കോട്ടേക്ക് മാറ്റിയതെന്നു പൊലീസ് പറഞ്ഞു. കൊല്ലം, തെന്മല, ഉരുക്കുളം സ്മൃതിഭവനിലെ കോമളരാജൻ്റെ മകൾ എസ്.കെ സ്മൃതി (20)യെ തിങ്കളാഴ്ച് വൈകുന്നേരത്തോടെയാണ് ഹോസ്റ്റലിലെ സ്റ്റീൽ കട്ടിലിൻ്റെ മുകളിലത്തെ കമ്പിയിൽ ഷാലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് ബന്തിയോട്ട് എത്തിയ ബന്ധുക്കൾ സ്മൃതിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. പിന്നീട് കൊലപാതകമാണെന്ന ആരോപണവും ഉന്നയിച്ചു. ഇതോടെയാണ് മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്താൻ തീരുമാനിച്ചതും മാറ്റിയതും. മൃതദേഹം അവിടെ എത്തിച്ച ശേഷമാണ് പരിയാരത്ത് പോസ്റ്റുമോർട്ടം വേണ്ടെന്ന നിലപാട് ബന്ധുക്കൾ സ്വീകരിച്ചതെന്നു പൊലീസ് പറഞ്ഞു. ഇന്നു നടക്കുന്ന പോസ്റ്റുമോർട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളുവെന്നു പൊലീസ് കൂട്ടിച്ചേർത്തു.