ശോഭയാത്ര കാണുന്നതിനിടെ വൈദ്യുതാഘാതമേറ്റു, വിദ്യാർഥിക്ക് രക്ഷകയായി യുവതി
വാഴയൂർ(മലപ്പുറം): കെട്ടിടത്തിനു മുകളിൽനിന്ന് ശോഭയാത്ര കാണുന്നതിനിടെ വൈദ്യുതാഘാതമേറ്റ വിദ്യാർഥിക്ക് രക്ഷകയായി യുവതി. കാരാട് സ്വദേശി എട്ടാംക്ലാസ് വിദ്യാർഥി അശ്വന്തിനാണ് തിങ്കളാഴ്ച വൈകീട്ട് കാരാട് അങ്ങാടിയിലെ കെട്ടിടത്തിൽനിന്ന് വൈദ്യുതാഘാതമേറ്റത്. കാരാട് തണലിൽ ഷംസുദ്ദീന്റെ ഭാര്യ ദിൽസാന ഉടൻതന്നെ സി.പി.ആർ. നൽകി അശ്വന്തിനെ രക്ഷപ്പെടുത്തി. വിവിധ ഭാഗങ്ങളിൽനിന്നുള്ള ശോഭയാത്രകൾ കാരാട് അങ്ങാടിയിലാണ് സംഗമിച്ചത്.
ശോഭയാത്ര കാണാൻ റോഡരികിലും കെട്ടിടങ്ങൾക്കുമുകളിലുമെല്ലാം നിരവധിയാളുകൾ തടിച്ചുകൂടിയിരുന്നു. മൂന്നുനില കെട്ടിടത്തിനു മുകളിൽ നിന്ന് ശോഭയാത്ര കാണുന്നതിനിടെ, തിരക്കിൽ അശ്വന്ത് പുറത്തേക്ക് വീഴുകയായിരുന്നു.
കെട്ടിടത്തിനു സമീപത്തുകൂടെ കടന്നുപോകുന്ന വൈദ്യുതികമ്പിയിൽ വിരൽ തട്ടിയതോടെ, അശ്വന്ത് താഴേക്ക് വീഴാതെ കെട്ടിടത്തിലേക്ക്് തെറിച്ചുവീണു. മകനോടൊപ്പം ശോഭയാത്ര കാണാനെത്തിയ ദിൽസാനയുടെ കാൽചുവട്ടിലേക്കാണ് അശ്വന്ത് ബോധമറ്റ് വീണത്. ഉടൻതന്നെ ദിൽസാന സി.പി.ആർ. നൽകുകയായിരുന്നു.
പ്ലസ്ടുവിൽ ജി.എൻ.എം. നഴ്സിങ് പഠിച്ചതിനാൽ സി.പി.ആർ. നൽകേണ്ടതിനെക്കുറിച്ച് കൃത്യമായി അറിയാമായിരുന്നെന്നും അതുകൊണ്ട് അപകടസ്ഥലത്ത് പരിഭ്രമിക്കാതെ സി.പി.ആർ. നൽകാനായെന്നും ദിൽസാന പറഞ്ഞു. വൈദ്യുതാഘാതമേറ്റ് കൈക്കും കാലിനും പൊള്ളലേറ്റ വിദ്യാർഥി ഫറോക്ക് ചുങ്കത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സ തേടി.
കെട്ടിടത്തിനു സമീപത്തുകൂടെ കടന്നുപോകുന്ന വൈദ്യുതിലൈൻ അപകടരഹിതമാക്കണമെന്നാവശ്യപ്പെട്ട് ഇലക്ട്രിക്കൽ ആൻഡ് സൂപ്പർവൈസേഴ്സ് അസോഷിയേഷൻ (സി.ഐ.ടി.യു.) കാരാട് കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എൻജിനീയർക്ക് പരാതി നൽകി.