പ്രവാസികൾക്ക് ആശ്വാസം; വെറും 5000 രൂപ നിരക്കിൽ യാത്ര ചെയ്യാം, വൻ ഇളവുകളുമായി വിമാനക്കമ്പനി
അബുദാബി: സൗദി അറേബ്യയിലെയും യുഎഇയിലെയും വിവിധ സ്ഥലങ്ങളിലേയ്ക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ച് സൗദി എയർലൈൻ ഫ്ലൈനാസ്. വളരെ കുറഞ്ഞ നിരക്കിൽ ഇരുരാജ്യങ്ങളിലെയും വിവിധ സ്ഥലങ്ങളിലേയ്ക്ക് യാത്ര ചെയ്യാമെന്നതാണ് പ്രത്യേകത. സെപ്തംബർ ഒന്നുമുതലാണ് സർവീസ് ആരംഭിക്കുന്നത്.
റിയാദ്- ദുബായ് വേൾഡ് സെൻട്രൽ- അൽ മുക്തം അന്താരാഷ്ട്ര വിമാനത്താവളം
ജിദ്ദ- അബുദാബി, ഷാർജ
മദീന-അബുദാബി, ഷാർജ
എന്നീ സർവീസുകളാണ് ഫ്ളൈനാസ് നടത്തുന്നത്. അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്ന് മദീനയിലേയ്ക്ക് 249 ദിർഹം (ഏകദേശം 5000 രൂപ), ദുബായ് വേൾഡ് സെൻട്രൽ നിന്ന് റിയാദിലേയ്ക്ക് 239 ദിർഹം (ഏകദേശം 5000 രൂപ), അബുദാബിയിൽ നിന്ന് ജിദ്ദയിലേയ്ക്ക് 365 ദിർഹം (ഏകദേശം 8000 രൂപ) എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.
2020ലെ കണക്കുകൾ പ്രകാരം യുഎഇയിൽ നിന്ന് ഏറ്റവും കൂടുതൽ വിമാനങ്ങൾ പുറപ്പെടുന്നത് സൗദി അറേബ്യയിലേക്കാണ്. അന്താരാഷ്ട്ര വിപണിയിൽ 30 ശതമാനമാണ് രാജ്യത്തിന്റെ ഓഹരി. യുഎഇയിലേക്കുള്ള വിമാനങ്ങളുടെ വരവിൽ 14 ശതമാനം വിഹിതവുമായി ഇന്ത്യയ്ക്കൊപ്പം സൗദി ഒന്നാം സ്ഥാനത്താണ്. ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർ അറേബ്യ, ദുബായ് ആസ്ഥാനമായുള്ള വിമാനക്കമ്പനിയായ ഫ്ലൈദുബായ്, സൗദി അറേബ്യയുടെ സൗദിയ, യുഎഇയുടെ ഇത്തിഹാദ് എയർവേയ്സ്, എമിറേറ്റ്സ് എയർലൈൻസ് എന്നിവയുൾപ്പെടെ നിരവധി എയർലൈനുകൾ സൗദി അറേബ്യയ്ക്കും യുഎഇക്കും ഇടയിൽ പ്രവർത്തിക്കുന്നുണ്ട്.
സെപ്തംബറോടെ, യുഎഇയിലെ നാല് പ്രധാന വിമാനത്താവളങ്ങളിൽ സർവീസ് നടത്തുന്ന ഏക സൗദി എയർലൈൻ ആയി ഫ്ലൈനാസ് മാറും. 1,500ലധികം പ്രതിവാര ഫ്ലൈറ്റുകളാണ് എയർലൈനുള്ളത്. 2007ൽ പ്രവർത്തനം ആരംഭിച്ചതിനുശേഷം 78 ദശലക്ഷത്തിലധികം യാത്രക്കാരാണ് ഫ്ലൈനാസിന്റെ സേവനം ഉപയോഗിച്ചത്.