ഒരേ സമയം രണ്ടിടങ്ങളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗുകൾ; രണ്ടും തുറന്നുനോക്കിയപ്പോൾ കഞ്ചാവ്, അന്വേഷണം തുടങ്ങി
പാലക്കാട് രണ്ടിടങ്ങളിലായി ആറ് കിലോ കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.തൃത്താല പടിഞ്ഞാറങ്ങാടിയിൽ രണ്ടര കിലോയും ചാലിശ്ശേരിയിലും കോതച്ചിറയിൽ നാല് കിലോ കഞ്ചാവുമാണ് കണ്ടെത്തിയത്. സംഭവത്തിൽ തൃത്താല, ചാലിശ്ശേരി പൊലീസ് അന്വേഷണം തുടങ്ങി.
ഒരേ സമയം രണ്ടിടങ്ങളിലായാണ് ഉപേക്ഷിച്ച നിലയിൽ കഞ്ചാവ് കെട്ടുകൾ കണ്ടെത്തിയത്. പടിഞ്ഞാറങ്ങാടി മാവിൻ ചുവടിൽ റോഡരികിലെ തട്ടുകടക്ക് സമീപത്തായി നാട്ടുകാരാണ് ഉപേക്ഷിച്ച നിലയിൽ ഒരു ബാഗ് കാണുന്നത്. ബാഗിന്റെ അവകാശിയെ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് തൃത്താല പോലീസിൽ വിവരമറിച്ചു. പോലീസ് നടത്തിയ പരിശോധനയിലാണ് മൂന്ന് പൊതികളിലായുള്ള രണ്ടര കിലോ കഞ്ചാവ് കണ്ടെടുത്തത്.
എതാണ്ട് ഇതേസമയം കോതച്ചിറ – അലിക്കര റോഡിൽ നിന്നും മറ്റൊരു ബാഗ് കണ്ടെത്തി. തൃത്താലയിൽ കണ്ടെത്തിയതിന് സമാനമായ രീതിയിൽ ബാഗിനകത്ത് പൊതികളാക്കി അടുക്കിവെച്ച നിലയിലായിരുന്ന് കഞ്ചാവ് കെട്ടുകൾ. ഇന്ന് രാവിലെ ഈ ഭാഗത്ത് ലഹരിവിരുദ്ധ സ്ക്വാഡിൻറെ നേതൃത്വത്തിൽ പ്രത്യേക പരിശോധന നടത്തിയിരുന്നു. ഉദ്യോഗസ്ഥരെ കണ്ട് ലഹരി വിൽപ്പനക്കാർ കഞ്ചാവ് ഉപേക്ഷിച്ച് കടന്നതാവാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബാഗ് ഉപേക്ഷിച്ചവരെ കണ്ടെത്താനുള്ള അന്വേഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.