കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് സ്വർണ്ണം കവർച്ച ചെയ്യാൻ എത്തിയ അഞ്ചംഗ സംഘം പൊലീസ് പിടിയിൽ
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് സ്വർണ്ണം കവർച്ച ചെയ്യാൻ എത്തിയ അഞ്ചംഗ സംഘം പൊലീസ് പിടിയിൽ. യാത്രക്കാരനെ തട്ടി കൊണ്ട് പോയി സ്വർണ്ണം കവരാനാണ് സംഘം ശ്രമിച്ചത്. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഹനീഫ, രാഹുൽ, ഖലീഫ, അൻസൽ, ജിജിൽ എന്നിവരാണ് കരിപ്പൂർ വിമാനത്താവള പരിസരത്തു വെച്ച് പോലീസിന്റെ പിടിയിലായത്.
കുവൈറ്റിൽ നിന്നും എത്തിയ പന്നിയൂർകുളം സ്വദേശി അമലിനെയാണ് തട്ടിക്കൊണ്ടു പോകാൻ സംഘം പദ്ധതിയിട്ടത്. അമലിന്റെ പഴയ സുഹൃത്ത് കൂടിയായ രാഹുലാണ് അമലിനെ കാറിൽ കയറ്റാൻ ശ്രമിച്ചത്. ഇത് കണ്ട് സംശയം തോന്നിയ പൊലീസ് വിഷയത്തിൽ ഇടപെട്ടു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വർണ്ണ കവർച്ചയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് അറിഞ്ഞത്.
നാട്ടിലേക്ക് വരുമ്പോൾ താൻ സ്വർണ്ണം കടത്താൻ ശ്രമിക്കുമെന്ന് അമൽ രാഹുലിനോട് പറഞ്ഞിരുന്നു. ഇതു രാഹുൽ മറ്റു നാലുപേരോടും പറഞ്ഞിരുന്നു. തുടർന്നാണ് സംഘം സ്വർണ്ണം കവർച്ച ചെയ്യാൻ പദ്ധതിയിട്ടത്. പൊലീസ് നടത്തിയ പരിശോധനയിൽ അമലിന്റെ പക്കൽ നിന്ന് സ്വർണ്ണം കണ്ടെത്താൻ കഴിഞ്ഞില്ല. രാഹുലിന്റെ പേരിൽ രണ്ട് വാഹനമോഷണ കേസുകളുണ്ടെന്നും ജിജിൽ ലഹരിക്കടത്തു കേസിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.