കാസർകോട്: കർണ്ണാടകയിലെ ധർമ്മസ്ഥല പൊലീസ് സ്റ്റേഷൻ പരിധിയിലെ ബെലാളുവിൽ റിട്ടയേർഡ് അധ്യാപകനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കാസർകോട് മുള്ളേരിയ സ്വദേശികളായ അച്ഛനും മകനും അറസ്റ്റിൽ. മുള്ളേരിയ, ബെള്ളിഗെ, ഒടമ്പളെയിലെ ജ്യോത്സ്യനായ രാഘവേന്ദ്ര കെദില്ലായ (53) മകൻ മുരളികൃഷ്ണ(20) എന്നിവരെയാണ് ധർമ്മസ്ഥല പൊലീസ് അറസ്റ്റു ചെയ്തത്. ശനിയാഴ്ച ഒടമ്പളയിലെ വീട്ടിൽ വച്ചാണ് ഇരുവരും അറസ്റ്റിലായത്. രാഘവേന്ദ്രയുടെ ഭാര്യ വിജയലക്ഷ്മിയുടെ പിതാവ് ധർമ്മസ്ഥല, ബെളാലുവിലെ റിട്ട. അധ്യാപകൻ ബാലകൃഷ്ണ വടക്കില്ലായ(83) ആഗസ്റ്റ് 20ന് ആണ് കൊല്ലപ്പെട്ടത്.
പകൽ മറ്റാരും വീട്ടിൽ ഇല്ലാത്ത നേരത്തായിരുന്നു കൊലപാതകം. ബാലകൃഷ്ണയുടെ ഭാര്യ വർഷങ്ങൾക്ക് മുമ്പെ മരണപ്പെട്ടിരുന്നു. അതിനു ശേഷം വീട്ടിൽ മകനോടൊപ്പമായിരുന്നു താമസം. മൂത്ത മകൻ ബംഗ്ളൂരുവിലാണ്. ബാലകൃഷ്ണയുടെ ഭാര്യയുടെ സ്വർണ്ണവും പണവും പലതവണ മകൾ വിജയലക്ഷ്മിയുടെ ഭർത്താവ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നൽകാൻ തയ്യാറായില്ല. ഈ വിരോധമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നു പൊലീസ് പറഞ്ഞു.രാഘവേന്ദ്ര സ്കൂട്ടറിലും മുരളീകൃഷ്ണ ബൈക്കിലുമാണ് സംഭവ ദിവസം രാവിലെ മുള്ളേരിയയിലെ വീട്ടിൽ നിന്നു ഇറങ്ങിയത്. മംഗ്ളൂരുവിൽ എത്തിയപ്പോൾ ബൈക്ക് അവിടെ വച്ചു. തുടർന്ന് ഇരുവരും സ്കൂട്ടറിൽ യാത്ര തുടർന്നു. ധർമ്മസ്ഥലയിലെ ബാലകൃഷ്ണയുടെ വീട്ടിൽ എത്തിയപ്പോൾ അദ്ദേഹം മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. മൂന്നു പേരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ച ശേഷം രാഘവേന്ദ്ര സ്വർണ്ണം വേണമെന്ന് ആവശ്യപ്പെട്ടുവത്രെ. അതിനു വിസമ്മതിച്ചതിനെ തുടർന്നുണ്ടായ വാക്കു തർക്കത്തിനിടയിൽ കത്തികൊണ്ട് ബാലകൃഷ്ണയുടെ തലയ്ക്ക് വെട്ടി. വീടിനു പുറത്തേയ്ക്ക് ഇറങ്ങിയോടിയ ബാലകൃഷ്ണയെ പിന്തുടർന്ന് വെട്ടി വീഴ്ത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. തുടർന്ന് വീട്ടിനകത്തുണ്ടായിരുന്ന രേഖകളും മറ്റും കൈക്കലാക്കി രാഘവേന്ദ്രയും മകനും സ്ഥലം വിട്ടു. കൊല്ലപ്പെട്ട ബാലകൃഷ്ണയുടെ മകൻ വീട്ടിലെത്തിയപ്പോൾ വീട്ടുമുറ്റത്തും വീട്ടിനകത്തും ചോരപ്പാടുകൾ കണ്ടു. തെരയുന്നതിനിടയിലാണ് വാഴച്ചോട്ടിൽ ബാലകൃഷ്ണയെ കൊല്ലപ്പെട്ടു കിടക്കുന്നത് കണ്ടത്. ഉടൻ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചു. മകനെയാണ് പൊലീസ് ആദ്യം സംശയിച്ചിരുന്നത്. എന്നാൽ ഭക്ഷണം കഴിച്ച ഇലയിൽ പൊലീസ് നായ മണം പിടിച്ചതോടെയാണ് കൊലയാളികൾ മറ്റാരോ ആണെന്ന സൂചന പൊലസിനു ലഭിച്ചത്.
തുടർന്ന് വിവിധ സ്ഥലങ്ങളിലെ സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങളും ഫോൺ ലൊക്കേഷനും പരിശോധിച്ചാണ് കൊലയാളികളെ തിരിച്ചറിഞ്ഞതെന്നു പൊലീസ് പറഞ്ഞു. അതേസമയം ബാലകൃഷ്ണ കൊല്ലപ്പെട്ട വിവരമറിഞ്ഞ് രാഘവേന്ദ്ര കെദില്ലായ ഭാര്യ വിജയലക്ഷ്മിയെയും കൂട്ടി ബെലാലുവിലെ വീട്ടിലേയ്ക്ക് പോവുകയും മരണാനന്തര ചടങ്ങിൽ സംബന്ധിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.