ഡോക്ടറെ ബലാത്സംഗം ചെയ്തുകൊന്നസംഭവം; പ്രതിയുടെ സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചു
കൊല്‍ക്കത്ത: ആര് ജി കര് ആശുപത്രിയിലെ യുവ പി ജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായകമായ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നു. കൊലപാതകത്തില്‍ പ്രതിയുടെ പങ്ക് എന്താണെന്ന് തെളിയിക്കാന്‍ സാധിക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്.
ആഗസ്റ്റ് ഒന്‍പതിന് പുലര്‍ച്ചെ 4.03 ന് മുഖ്യപ്രതി സഞ്ജയ് റോയ് ആര് ജി കര് മെഡിക്കല്‍ കോളജിലേക്ക് പ്രവേശിക്കുന്നത് ദൃശ്യത്തില്‍ കാണാം. ഇടത് കൈയ്യില്‍ ഹെല്‍മറ്റും കഴുത്തില്‍ ഒരു ബ്ലുടൂത്ത് ഹെഡ്ഫോണും ഉണ്ടായിരുന്നതായി ദൃശ്യത്തില്‍ വ്യക്തമാണ്. കുറ്റകൃത്യം നടക്കുന്ന സമയത്ത് പ്രതി ആശുപത്രിയില്‍ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന പ്രധാനപ്പെട്ട തെളിവുകളാണിത്. മൃതദേഹത്തിനരികില്‍ നിന്ന് കണ്ടെത്തിയ ഹെഡ് ഫോണ്‍ പ്രതിയുടേത് തന്നെയാണെന്നും ഈ ദൃശ്യങ്ങളില്‍ വ്യക്തമാകുന്നു.
അതേസമയം, ആശുപത്രിക്ക് മുന്നില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ജനകീയ പ്രക്ഷോഭം ആരംഭിച്ചു. ആര് ജി കര് മെഡിക്കല്‍ കോളജ് അടക്കം കൊല്‍ക്കത്തയില്‍ പ്രവര്‍ത്തിക്കുന്ന ആറ് സ്ഥാപനങ്ങള്‍ കൂടി ഈ ജനകീയ പ്രക്ഷോഭത്തില്‍ അണിനിരക്കും.
കൊലപാതകത്തിന് പിന്നില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സഹപാഠികളുടെ ആരോപണം. ഇന്നലെ സമരസമിതി നേതാക്കള്‍ സി ബി ഐ ഓഫീസിലെത്തി അന്വേഷണ വിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ തുടര്‍ച്ചയായ ഇന്നും ചോദ്യം ചെയ്യും.