കാസർകോട്ടെ കൊലപാതക പരമ്പര; അടുക്കത്ത്ബയൽ സി.എ മുഹമ്മദ് വധക്കേസ് പ്രതികൾ കുറ്റക്കാർ
കാസർകോട്: കാസർകോട്ട് 2008 ഏപ്രിൽ മാസത്തിൽ നടന്ന കൊലപാതക പരമ്പരയിലെ ഒരു കേസിൽ പ്രതികൾ കുറ്റക്കാരാണെന്നു ജില്ലാ അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. പ്രതികൾക്കുള്ള ശിക്ഷ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി (രണ്ട്) കെ. പ്രിയ ഇന്നുച്ചയ്ക്ക് ശേഷം വിധിക്കും. കാസർകോട്, അഡുക്കത്തുബയൽ, ബിലാൽ മസ്ജിദിനു സമീപത്തെ സി.എ മുഹമ്മദ് (56) കൊല്ലപ്പെട്ട കേസിലെ പ്രതികളായ സന്തു, കിഷോർ, അജിത്ത്, ശിവപ്രസാദ് എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്.
2018 ഏപ്രിൽ18ന് ആണ് സി.എ മുഹമ്മദ് കുത്തേറ്റ് മരിച്ചത്. ഇപ്പോഴത്തെ കാസർകോട് അഡിഷണൽ എസ്.പി. പി. ബാലകൃഷ്ണൻ നായർ ആണ് കേസ് അന്വേഷിച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്. അന്ന് അദ്ദേഹം വെള്ളരിക്കുണ്ട് പൊലീസ് ഇൻസ്പെക്ടർ ആയിരുന്നു. 2008 ഏപ്രിൽ 14ന് സന്ദീപ് എന്ന യുവാവിനെ കുത്തിക്കൊലപ്പെടുത്തിയതിനു പിന്നാലെ മൂന്നു കൊലപാതകങ്ങളാണ് കാസർകോട്ട് അരങ്ങേറിയത്. സന്ദീപ് കൊലക്കേസിലെ പ്രതികളെ കുറ്റക്കാരല്ലെന്നു കണ്ടെത്തി നേരത്തെ വെറുതെ വിട്ടിരുന്നു.
സന്ദീപിനു പിന്നാലെ 2008 ഏപ്രിൽ 16ന് നെല്ലിക്കുന്ന്, ബങ്കരക്കുന്നിലെ മുഹമ്മദ് സിനാൻ ആനബാഗിലു ദേശീയ പാതയിലെ അണ്ടർ ബ്രിഡ്ജിനു സമീപത്തു കുത്തേറ്റു മരിച്ചു. ബൈക്കു തടഞ്ഞു നിർത്തിയായിരുന്നു ഒരു സംഘം ആൾക്കാർ സിനാനെ കൊലപ്പെടുത്തിയത്. ഈ കേസിലെ പ്രതികളെയും കോടതി വെറുതെ വിട്ടിരുന്നു. സിനാൻ കൊലക്കേസിനു പിന്നാലെയാണ് കാസർകോട്ടെ പ്രമുഖ അഭിഭാഷകനായ പി. സുഹാസ് കുത്തേറ്റ് മരിച്ചത്. ഈ കേസ് തലശ്ശേരി സെഷൻസ് കോടതിയുടെ പരിഗണനയിലാണ്. കൊലപാതക പരമ്പരയിലെ അവസാനത്തെ കേസായിരുന്നു സി.എ മുഹമ്മദിൻ്റേത്. ഈ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായി സി.കെ ശ്രീധരൻ കോടതിയിൽ ഹാജരായി.