കാസര്‍കോട്: കാസര്‍കോട് അടുക്കത്ത് ബയല് സി എ മുഹമ്മദ് ഹാജി വധക്കേസില്‍ പ്രതികളായ നാല് ആര്‍എസ്എസുകാര്‍ കുറ്റക്കാരെന്ന് കോടതി. സന്തു, കിഷോര്‍, അജിത്ത്, ശിവപ്രസാദ് എന്നിവരെയാണ് കാസര്‍കോഡ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കുറ്റക്കാരെന്നു കണ്ടെത്തിയത്.
കഴിഞ്ഞ 30 വർഷത്തിനിടയിൽ ആദ്യമായാണ് കാസറഗോഡിലെ വർഗീയത കൊലപാതക കേസിലെ പ്രതികൾ കുറ്റക്കാരെന്നു കോടതി കണ്ടെത്തുന്നത്.. വർഗീയ സംഘർഷവുമായി ബന്ധപ്പെട്ടു രജിസ്റ്റർ ചെയ്ത് 11 കൊലപാതക കേസുകളിൽ 8 കൊലക്കേസുകളും വിവിധ കോടതികൾ വിചാരണ നടത്തിയ ശേഷം വെറുതെ വിടുകയായിരുന്നു.
2008 ഏപ്രില്‍ 18നാണ് കേസിനാസ്പദമായ സംഭവം. വെള്ളിയാഴ്ച്ച ജുമുഅയ്ക്ക് നമസ്കാരത്തിനായി പള്ളിയിലേക്ക് പോവുന്നതിനിടെയാണ് അടുക്കത്ത്ബയല്‍ ബിലാല്‍ മസ്ജിദിനു സമീപത്തെ സി എ മുഹമ്മദ് ഹാജി(56)യെ ഒരുസംഘം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയത്. ഇപ്പോഴത്തെ കാസര്‍കോട് അഡീഷനല്‍ എസ്പിയായ അന്നത്തെ വെള്ളരിക്കുണ്ട് ഇന്‍സ്പെക്ടര്‍ പി ബാലകൃഷ്ണന് നായരെ അന്നത്തെ ജില്ലാ പോലീസ് മേധാവി കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഏൽപ്പിക്കുകയായിരുന്നു. ഈ സംഘമാണ് കുറ്റമറ്റ രീതിയിൽ കേസന്വേഷിച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്.
2008 ഏപ്രില്‍ 14ന് സന്ദീപ് എന്ന യുവാവ് കുത്തേറ്റു മരിച്ചതിനു പിന്നാലെ മൂന്നു കൊലപാതകങ്ങളാണ് കാസര്‍കോട്ട് അരങ്ങേറിയത്. സന്ദീപ് കൊലക്കേസിലെ പ്രതികളെ കുറ്റക്കാരല്ലെന്നു കണ്ടെത്തി നേരത്തേ വെറുതെ വിട്ടിരുന്നു. സന്ദീപിനു പിന്നാലെ 2008 ഏപ്രില്‍ 16ന് നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ മുഹമ്മദ് സിനാന് ആനബാഗിലു ദേശീയ പാതയിലെ അണ്ടര്‍ ബ്രിഡ്ജിനു സമീപത്തു കുത്തേറ്റു മരിച്ചു. ഒരു സംഘം ബൈക്ക് തടഞ്ഞു നിര്‍ത്തി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഈ കേസിലെ പ്രതികളെയും കോടതി വെറുതെ വിട്ടിരുന്നു. സിനാന് കൊലക്കേസിനു പിന്നാലെയാണ് അഭിഭാഷകനായ പി സുഹാസ് കുത്തേറ്റ് മരിച്ചത്. ഈ കേസ് തലശ്ശേരി സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ്. സി എ മുഹമ്മദ് ഹാജി കൊലക്കേസില്‍ അഡ്വ. സി കെ ശ്രീധരനാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി കോടതിയില്‍ ഹാജരായത്.
കൃത്യമായ തെളിവുകളോടെ കോടതിയിൽ ചാർജ് നൽകിയ അന്നത്തെ സിഐ യും ഇന്നത്തെ കാസർഗോഡ് എ എസ് പിയുമായ പി ബാലകൃഷ്ണൻ നായർക്ക് സാമൂഹ്യ മാധ്യമങ്ങളിൽ അഭിനന്ദപ്രവാഹമാണ് . നേരത്തെയും ബാലകൃഷ്ണൻ നായർ അന്വേഷിച്ച പല കേസുകളിലും കൃത്യമായി ചാർജ് നൽകാൻ സാധിച്ചതിനാൽ പ്രതികൾക്ക് ശിക്ഷ വാങ്ങിച്ച് കൊടുക്കാൻ സാധിച്ചിട്ടുണ്ട് . കേസ് അന്വേഷണ മികവിന്റെ അടിസ്ഥാനത്തിൽ നിരവധിതവണ മുഖ്യമന്ത്രിയുടെ വിശിഷ്ടാ സേവ മെഡലിന് അർഹനായിട്ടുണ്ട് പി ബാലകൃഷ്ണൻ നായർ