ഓൺലൈൻ വ്യാപാരം; 33 ലക്ഷം തട്ടിയ കാസർകോട് സ്വദേശികളടക്കം നാലുപേർ ഉഡുപ്പിയിൽ പിടിയിൽ
മംഗളൂരു: ഓൺലൈൻ വ്യാപാര തട്ടിപ്പുമായി ബന്ധപ്പെട്ട് കാസർകോട് സ്വദേശികളടക്കം നാല് പേരെ ഉഡുപ്പി പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തിൽ നിന്ന് പണവും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. കാസർകോട് കുമ്പള സ്വദേശി ബി ഖാലിദ്(39), നീർച്ചാൽ സ്വദേശി കെ.എ മുഹമ്മദ് സഫ്വാൻ (22), മംഗളൂരു ബിജായിയിലെ സതീഷ് ഷെട്ടി (22), പുത്തൂർ കുറിയ സ്വദേശി പി മുഹമ്മദ് മുസ്തഫ(36) എന്നിവരെയാണ് അറസ്റ്റുചെയ്തത്. പ്രതികളിൽ നിന്ന് അഞ്ച് മൊബൈൽ ഫോണുകളും 13 ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തു. മോത്തിലാൽ ഓസ്വാൾ പ്രൈവറ്റ് വെൽത്ത് മാനേജ്മെന്റ്റ് ഗ്രൂപ്പിന്റെ പ്രതിനിധികൾ എന്ന വ്യാജേനയാണ് ഉപേന്ദ്ര ഭട്ട് എന്ന ആളിനെ സംഘം പരിചയപ്പെട്ടത്. ഒരു വാട്ട്സാപ് ഗ്രൂപ്പിൽ ചേരാൻ ആവശ്യപ്പെട്ടു. ഗ്രൂപ്പിലൂടെ പണ ഇടപാട് സംബന്ധിച്ച വിവരങ്ങൾ കാട്ടി ഭട്ടിനെ വശത്താക്കി. പിന്നീട് ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് ഫണ്ട് നിക്ഷേപിക്കാൻ ആവശ്യപ്പെടുകയായിരുന്നു. സംഘത്തെ പൂർണമായി വിശ്വസിച്ച ഭട്ട് ലാഭം പ്രതീക്ഷിച്ച് 33.1 ലക്ഷം രൂപ നിക്ഷേപിച്ചു. മാസങ്ങൾ കഴിഞ്ഞിട്ടും നിക്ഷേപമോ, പലിശയോ ലഭിച്ചില്ല. കൂടാതെ അവരുടെ വാട്ട്സാപ് ഗ്രൂപ്പിൽ നിന്ന് റിമൂവ് ചെയ്യുകയും ചെയ്തതിരുന്നു. താൻ വഞ്ചിക്കപ്പെടുകയാണെന്ന് പിന്നീട് മനസ്സിലായതോടെ ഉഡുപ്പി സിഇഎൻ സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു നടത്തിയ നീക്കത്തിലാണ് നാല് പ്രതികളെ പിടികൂടിയത്. എന്നാൽ സംഘത്തിലെ സൂത്രധാരനെ പിടികൂടാൻ കഴിഞ്ഞില്ല. അഡീഷണൽ പൊലീസ് സൂപ്രണ്ട് ടിഎസ് സിദ്ധലിംഗയ്യ, പരമേശ്വര് ഹെഗ്ഡെ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.