സാമൂഹിക മാധ്യമങ്ങൾ വഴി വ്യാജപ്രചാരണം നടത്തിയെന്നാരോപിച്ച് എബിസി മലയാളം ന്യൂസ് എന്ന യുട്യൂബ് ചാനലിനെതിരെ നിയമ നടപടിയുമായി കെ എസ് ഇ ബി. ചാനൽ നടത്തിപ്പുകാരായ വടയാർ സുനിൽ, ജി സിനുജി എന്നിവർക്കെതിരെയാണ് വ്യാജവാർത്ത പ്രചരിപ്പിച്ച അതേ മാധ്യമങ്ങളിലൂടെ മാപ്പുപറയുകയും യഥാർത്ഥ വസ്തുതകൾ അറിയിക്കുകയും ചെയ്യാത്ത പക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം എന്ന് കാണിച്ച് കെ എസ് ഇ ബി മുതിർന്ന അഭിഭാഷകനായ അഡ്വ. ബി. ശക്തിധരൻ നായർ വഴി വക്കീൽ നോട്ടീസ് അയച്ചത്.
‘കെഎസ്ഇബി എന്ന കൊള്ളസംഘം; നിങ്ങൾ അറിയുന്നുണ്ടോ’ എന്ന തലക്കെട്ടിൽ ജൂലൈ 12ന് പ്രസിദ്ധീകരിച്ച വിഡിയോയിൽ ഇവർ തികച്ചും അവാസ്തവവും വസ്തുതാവിരുദ്ധവുമായ പ്രചാരണം നടത്തുകയാണ് എന്ന് കെ എസ് ഇ ബി പറയുന്നു. ബോര്‍ഡ് നൽകുന്ന വൈദ്യുതി ബില്ലിലെ വിവിധ ഘടകങ്ങൾ ഒന്നൊന്നായി പരാമർശിച്ച് നടത്തിയ പ്രചാരണത്തിലെ ഓരോ പരാമർശങ്ങൾക്കും നിയമപരമായ മറുപടി രേഖപ്പെടുത്തിയാണ് വക്കീൽ നോട്ടീസ്. ജനങ്ങളുടെ ഉടമസ്ഥതയിലുള്ള, രാജ്യത്തെ നിയമവ്യവസ്ഥകൾക്കുള്ളിൽ നിന്ന് പ്രവർത്തിക്കുന്ന കെ എസ് ഇ ബി എന്ന പൊതുമേഖലാ സ്ഥാപനത്തിൻ്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുക ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം വ്യാജപ്രചാരണങ്ങൾക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും കെ എസ് ഇ ബി വ്യക്തമാക്കി.