കേരളത്തിൽനിന്ന് കാൽകിലോ സ്വർണം മോഷ്ടിച്ച് മുങ്ങി, ഇപ്പോൾ മുംബൈയിൽ ജൂവലറിഉടമ
മൂവാറ്റുപുഴ: കാല്‍കിലോയോളം സ്വര്‍ണവും ഒന്നര ലക്ഷം രൂപയുമായി മൂവാറ്റുപുഴയില്‍നിന്ന് മുങ്ങിയ മഹാരാഷ്ട്ര സ്വദേശിയെ 18 വര്‍ഷത്തിനു ശേഷം മുംബൈയില്‍നിന്ന് പോലീസ് പിടികൂടി. മൂവാറ്റുപുഴ കല്ലറയ്ക്കല്‍ ജൂവലറിയിലെ പണിക്കാരനായിരുന്ന മഹീന്ദ്ര ഹശ്ബ യാദവ് (53) ആണ് പിടിയിലായത്.
ഇയാള്‍ തട്ടിയെടുത്ത സ്വര്‍ണവുമായി നാട്ടില്‍ ജൂവലറി നടത്തിവരുകയായിരുന്നു. ജൂവലറിയില്‍ നിന്ന് 240 ഗ്രാം സ്വര്‍ണവും മറ്റൊരാളില്‍നിന്ന് ഒന്നര ലക്ഷം രൂപയും കൈക്കലാക്കിയാണ് മുംബൈ മുലുന്ദ് ജോര്‍ജിയോണ്‍ ലിങ്ക് റോഡില്‍ മഹീന്ദ്ര ഹശ്ബ യാദവ് 2006-ല്‍ മുങ്ങിയത്. എട്ട് വര്‍ഷം ജൂവലറിയിലെ സ്വര്‍ണപ്പണിക്കാരനായിരുന്ന ഇയാള്‍ കുടുംബസമേതം മൂവാറ്റുപുഴ ഭാഗത്താണ് താമസിച്ചിരുന്നത്. കുടുംബസമേതമാണ് മുങ്ങിയത്. ഇയാള്‍ക്കായി മുംബൈയിലടക്കം അന്വേഷണം നടത്തിയെങ്കിലും പിടികിട്ടിയില്ല. 2008-ല്‍ കേസ് താത്കാലികമായി ക്ലോസ് ചെയ്തു. പതിനെട്ട് വര്‍ഷങ്ങള്‍ക്കുശേഷം ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേല്‍നോട്ടത്തില്‍ കേസ് പുനരന്വേഷണം നടത്തിവരുകയായിരുന്നു.
ജൂവലറി ഉടമ വേണുഗോപാലിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മൂവാറ്റുപുഴ പോലീസ് മുംബൈയില്‍ എത്തി രണ്ട് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്. പ്രതി ആദ്യം താമസിച്ചിരുന്ന സ്ഥലത്തുനിന്ന് 15 കിലോമീറ്റര്‍ മാറി മറ്റൊരു ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. ഇതിന് സമീപത്തായി രണ്ട് വര്‍ഷമായി ജൂവലറിയും നടത്തുന്നുണ്ട്.
മൂവാറ്റുപുഴ ഡിവൈ.എസ്.പി. പി.എം. ബൈജു, ഇന്‍സ്പെക്ടര്‍ ബേസില്‍ തോമസ്, സബ് ഇന്‍സ്പെക്ടര്‍മാരായ മാഹിന്‍ സലിം, വിഷ്ണു രാജു, കെ.കെ. രാജേഷ്, പി.കെ. വിനാസ്, പി.സി. ജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ടീമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.