സില്‍വർ, ഗോൾഡ്, ഡയമണ്ട്… പ്ലേ ബട്ടൻ കൊടുത്ത് മടുക്കും യൂട്യൂബ്; ലോക റെക്കോർഡിട്ട് റൊണാൾഡോയുടെ യുട്യൂബ് ചാനൽ
റിയാദ്: ഫുട്ബോള്‍ ഗ്രൗണ്ടില്‍ മാത്രമല്ല ഗ്രൗണ്ടിന് പുറത്തും തൊട്ടതെല്ലാം പൊന്നാക്കുകയാണ് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ. രാജ്യാന്തര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ചതിന്റെ ലോക റെക്കോര്‍ഡും ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ളതിന്റെ റെക്കോര്‍ഡുമെല്ലാം ഉള്ള ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ സ്വന്തമായൊരു യുട്യൂബ് ചാനല്‍ തുടങ്ങിയപ്പോഴും ലോക റെക്കോര്‍ഡിട്ടില്ലെങ്കിലല്ലെ അത്ഭുതമുള്ളു. ഇന്നലെ ‘UR Cristiano’ എന്ന ചാനലിലൂടെ യുട്യൂബില്‍ അരങ്ങേറിയ റൊണാള്‍ഡോ ആദ്യ മണിക്കൂറില്‍ തന്നെ ലോക റെക്കോര്‍ഡ് സ്വന്തമാക്കി കുതിപ്പ് തുടരുകയാണ്.
യുട്യൂബ് ചാനല്‍ തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ 10 ലക്ഷം സബ്സ്ക്രൈബേഴ്സിനെ സ്വന്തമാക്കിയ റൊണാള്‍ഡോ യുട്യൂബിന്റെ ചരിത്രത്തില്‍ തന്നെ അതിവേഗം ഈ നേട്ടം സ്വന്തമാക്കുന്ന വ്യക്തിയായി. 24 മണിക്കൂറിനുള്ളില്‍ തന്നെ ഒരു കോടി സബ്സ്ക്രൈബേഴ്സിനെ സ്വന്തമാക്കിയ റൊണാള്‍ഡോ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ യുട്യൂബറുമാണ്. ഈ റിപ്പോര്‍ട്ട് തയാറാക്കുമ്പോൾ റൊണാള്‍ഡോയുടെ യുട്യൂബ് ചാനലില്‍ 1 കോടി 37 ലക്ഷം സബ്സ്ക്രൈബേഴ്സാണുള്ളത്. അത് ഓരോ നിമിഷവും കുതിച്ചുയരുകയുമാണ്.നിലവില്‍ എക്സില്‍ 11.25 കോടി പേരാണ് റൊണാള്‍ഡോയെ പിന്തുടരുന്നതെങ്കില് ഫേസ്ബുക്കില്‍ 17 കോടിയും ഇന്‍സ്റ്റഗ്രാമില്‍ 63.6കോടി പേരും റൊണാള്‍ഡോയെ പിന്തുടരുന്നവരാണ്.
ഇന്നലെയാണ് റൊണാള്‍ഡോ തന്റെ യുട്യൂബ് ചാനല്‍ തുടങ്ങുന്നതായി പ്രഖ്യാപിച്ചത്. കാത്തിരിപ്പ് അവസാനിച്ചു. എന്റെ യുട്യൂബ് ചാനലിതാ, സബ്സ്ക്രൈബ് ചെയ്യൂ, എന്റെ ഈ പുതിയ യാത്രയില്‍ നിങ്ങളും കൂടെ ചേരൂ എന്ന അഭ്യര്‍ത്ഥനയോടെയായിരുന്നു റൊണാള്‍ഡോ യുട്യൂബ് ചാനല്‍ തുടങ്ങുന്ന കാര്യം പ്രഖ്യാപിച്ചത്. ആദ്യ ദിനം ടീസറുകളും വീഡിയോകളും പങ്കുവെച്ച റൊണാള്‍ഡോ മണിക്കൂറുകള്‍ക്കകം തന്റെ ചാനലിന് യുട്യൂപ് നല്കിയ ഗോള്‍ഡൻ പ്ലേ ബട്ടന് മക്കള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്ന വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇങ്ങനെയാണ് പോകുന്നതെങ്കില്‍ സില്‍വറും ഗോള്‍ഡും ഡയമണ്ടും റെഡും ഡയമണ്ടുമെല്ലാം ദിവസങ്ങള്‍ക്കുള്ളില്‍ റൊണാള്‍ഡോ സ്വന്തമാക്കും. നിലവില്‍ 31.3 കോടി സബ്സ്ക്രൈബേഴ്സുള്ള MrBeast ആണ് യുട്യൂബില്‍ ഏറ്റവും കൂടുതല്‍ സബ്സ്ക്രൈബേഴ്സുള്ള ചാനല്‍. റൊണാള്‍ഡോ ഇത് മറികടക്കുന്ന കാലം വിദൂരമല്ലെന്നാണ് ആരാധകര്‍ കരുതുന്നത്.