പരസ്യ ഏജന്‍സിയില്‍നിന്ന് 1.38 കോടി രൂപ തട്ടിയെടുത്തു; സ്ഥാപനത്തിലെ ഫിനാന്‍സ് മാനേജര്‍ അറസ്റ്റില്‍
തൃശ്ശൂര്‍: കേരളത്തിലെ പ്രമുഖ പരസ്യ ഏജന്‍സിയായ വളപ്പില കമ്യൂണിക്കേഷന്‍സിന്റെ ഹെഡ് ഓഫീസിലെ അക്കൗണ്ട് ദുരുപയോഗം ചെയ്ത് 1.38 കോടി രൂപ തട്ടിയെടുത്ത ഫിനാന്‍സ് മാനേജര്‍ അറസ്റ്റിലായി. തൃശ്ശൂര്‍ ആമ്പല്ലൂര്‍ വട്ടണാത്ര സ്വദേശി തൊട്ടിപ്പറമ്പില്‍ വീട്ടില്‍ ടി.യു. വിഷ്ണുപ്രസാദ്(30) ആണ് പിടിയിലായത്. 2022 നവംബര്‍ മുതല്‍ സ്ഥാപനത്തില്‍ ഫിനാന്‍സ് മാനേജരായിരുന്ന ഇയാള്‍ ഓണ്‍ലൈന്‍ ബാങ്കിങ് സംവിധാനത്തിലൂടെയാണ് തട്ടിപ്പ് നടത്തിയത്.
സ്ഥാപനത്തിന്റെ ജി.എസ്.ടി, ആദായനികുതി, ഇ.എസ്.ഐ, ടി.ഡി.എസ്. തുടങ്ങിയവ അടച്ചതിന്റെ വ്യാജരേഖകള്‍ നിര്‍മിച്ച പ്രതി ഇത്തരത്തില്‍ തട്ടിപ്പ് നടത്തിവരികയായിരുന്നു. സ്ഥാപനത്തിന്റെ ഓഡിറ്റിങ് വിഭാഗം പ്രതിയുടെ സാമ്പത്തിക തട്ടിപ്പുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തൃശ്ശൂര്‍ ടൗണ്‍ ഈസ്റ്റ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ജില്ലാ ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി പ്രതി ജില്ലാ കോടതിയെയും ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചിരുന്നെങ്കിലും ഇതെല്ലാം തള്ളിക്കളഞ്ഞിരുന്നു.