കാസർകോട്: പ്രമുഖ കമ്പനിയുടെ ഓഹരികൾ വാങ്ങി തരാമെന്ന് വാഗ്ദാനം ചെയ്തു പടന്ന സ്വദേശിയുടെ 75 ലക്ഷത്തോളം രൂപ തട്ടിയ ഓൺലൈൻ തട്ടിപ്പ് സംഘത്തെ കോഴിക്കോട് എത്തിച്ചു കാസർകോട് സൈബർ പൊലീസ് നാടകീയമായി പിടികൂടി. കേസിലെ രണ്ടാം പ്രതി തമിഴ്നാട് സ്വദേശി ഗണേശൻ (41), മൂന്നാം പ്രതി തമിഴ്നാട് സ്വദേശി ഹമാദ് സയ്യിദ് കെൾവെട്രെ (35) എന്നിവരെയാണ് കാസർകോട് ജില്ലാ പൊലീസ് മേധാവി ബിജോയിയുടെ നിർദ്ദേശ പ്രകാരം സൈബർ പൊലീസ് പിടികൂടിയത്. സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇ അനൂബ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സവാദ്, സിവിൽ പൊലീസ് ഓഫീസർ ഹരിപ്രസാദ് എന്നിവർ ചേർന്ന് നടകീയമായി പ്രതികളെ കോഴിക്കോട് എത്തിച്ച് പിടികൂടിയത് .
നിലവിൽ പിടികൂടിയിരിക്കുന്ന പ്രതികൾ തട്ടിപ്പ് സംഘത്തിൽ മർമ്മപ്രധാനമായ നീക്കങ്ങൾ നടത്തിയവരായിരുന്നു . ഇവർ നിർദ്ദേശിക്കുന്ന അക്കൗണ്ടിലേക്കാണ് തട്ടിപ്പിനിരയായവർ പണം കൈമാറിയിരിക്കുന്നത് . തട്ടിപ്പ് സംഘത്തിനായി ഇടപാടുകൾക്കായി കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള സാധാരണക്കാരുടെ ബാങ്ക് അക്കൗണ്ടുകൾ തന്ത്രപൂർവം കൈവശപ്പെടുത്തുന്നത് ഈ സംഘമാണ് . ഇവരുടെ തന്ത്രത്തിൽ വീഴുന്ന അക്കൗണ്ട് ഉടമകൾക്ക് ലഭിക്കുന്നതാണ് 5000 രൂപയും പതിനായിരം രൂപ മാത്രമാണ് . എന്നാൽ ഇതിലൂടെ വിരലിലെണ്ണാവുന്ന ദിവസങ്ങൾക്കുള്ളിൽ തന്നെ കോടിക്കണക്കിന് രൂപയുടെ ഇടപാടുകളാണ് ഇവർ നടത്തുന്നത് . സൈബർ പോലീസ് പരിശോധിച്ച ഒരു വിദ്യാർത്ഥിയുടെ അക്കൗണ്ടിൽ മാത്രം മൂന്ന് കോടി രൂപയുടെ ഇടപാടുകളാണ് ഇവർ നടത്തിയിരിക്കുന്നത് . പല സാധാരണക്കാരും ഇതിന്റെ ഗൗരവം അറിയാതെ താൽക്കാലികമായി ലഭിക്കുന്ന ചെറിയ തുകകൾക്കായി അക്കൗണ്ടുകൾ കൈമാറുന്നതിലൂടെ വലിയൊരു കുരുക്കിലേക്ക് ഇവർ എത്തിച്ചേരുന്നത് .സ്വകാര്യ ബാങ്ക് അക്കൗണ്ടുകൾ അവരവരുടെ ഉത്തരവാദിത്യം ആണെന്നുള്ളത് മറക്കരുതേനും തട്ടിപ്പുകാർക്ക് ഇതിലൂടെ അവസരങ്ങൾ ഉണ്ടാക്കരുതാനും കാസർഗോഡ് സൈബർ ഇൻസ്പെക്ടർ ഇ അനൂബ് കുമാർ ഓർമിപ്പിച്ചു .
പ്രതികളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കി. തട്ടിപ്പുമായി ബന്ധപ്പെട്ട മുഖ്യസൂത്രധാരനെ ഉടൻ പിടികൂടാൻ സാധിക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത് . കാസർകോട് പടന്ന സ്വദേശിയെ ജെ എം സ്റ്റോക്ക് മാർക്കറ്റ് കമ്പനി പ്രതിനിധിൾ എന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. എച്ച് സി എൽ കമ്പനിയുടെ ഓഹരികൾ വാങ്ങി നൽകാമെന്ന് വാഗ്ദാനം നൽകി പല തവണയായി 74,25,999 രൂപ സംഘം തട്ടിയെടുത്തിരുന്നു.