ആലപ്പുഴ: ഹരിപ്പാടിൽ നായയുടെ ആക്രമണത്തിൽ വൃദ്ധയ്ക്ക് ദാരുണ മരണം. മാലിന്യം കളയാനും ചവറിന് തീയിടാനുമായി പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് 87 വയസുകാരിയായ രാജമ്മയെ തെരുവുനായ ആക്രമിച്ചത്. പ്രധാനാദ്ധ്യാപികയും റിട്ടയേർഡ് അദ്ധ്യാപികയുമായ രാജമ്മ വീട്ടിൽ ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്.
ഒറ്റപ്പെട്ട പ്രദേശത്തുള്ള വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. രാജമ്മയ്ക്ക് സ്ഥിരമായി കൂട്ട് കിടക്കാനായി എത്തുന്ന സ്ത്രീയാണ് വീടിന്റെ മുൻവശത്തായി ചോരയിൽ കുളിച്ച് ജീവനറ്റ് കിടക്കുന്ന രാജമ്മയുടെ ശരീരം ആദ്യം കണ്ടത്. വൈകിട്ട് ഏഴു മണിയോടെയാണ് ഇവർ വീട്ടിലേക്ക് എത്തുന്നത്.
തുടർന്ന് നാട്ടുകാരും മറ്റും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് തെരുവ് നായയുടെ ആക്രമണത്തിലാണ് രാജമ്മ കൊല്ലപ്പെട്ടതെന്ന് മനസിലാകുന്നത്. ചവറിന് തീയിടാനായി രാജമ്മ പുറത്തേക്ക് ഇറങ്ങുന്നത് കണ്ടതായി നാട്ടുകാരിൽ ചിലർ പറയുന്നുണ്ട്.