നഴ്സറി വിദ്യാർഥിനികളെ പീഡിപ്പിച്ച സംഭവം: സ്കൂൾ തകർത്ത് നാട്ടുകാർ, മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ
മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ നഴ്സറി വിദ്യാർഥിനികളെ സ്കൂൾ ശുചീകരണ തൊഴിലാളി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ വൻപ്രതിഷേധം. പ്രധിഷേധക്കാർ റെയിൽവേ സ്റ്റേഷനുകൾ ആക്രമിക്കുകയും തീവണ്ടികൾ തടയുകയും ചെയ്തത് റെയിൽ ഗതാഗതം താറുമാറാക്കി. നൂറുകണക്കിന് പേരാണ് കഴിഞ്ഞദിവസം പ്രതിഷേധത്തിന്റെ ഭാഗമായത്.
12 പ്രധാന എക്സ്പ്രസ് ട്രെയിനുകൾ വഴിതിരിച്ചുവിടുകയും 30 പ്രാദേശിക തീവണ്ടികൾ ഭാഗീകമായി റദ്ദാക്കുകയും ചെയ്തു. ലാത്തിച്ചാർജ് നടത്തിയാണ് പ്രതിഷേധക്കാരെ പോലീസ് പിരിച്ചുവിട്ടത്. നാട്ടുകാരും രക്ഷിതാക്കളും ചേർന്ന് സംഭവം നടന്ന ബദ്ലാപുരിലെ ആദർശ് വിദ്യാമന്ദിർ സ്കൂൾ അടിച്ചുതകർക്കുകയും ചെയ്തു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ബദ്ലാപുരിൽ ഇന്റർനെറ്റ് സേവനങ്ങൾ താൽകാലികമായി നിർത്തിവെച്ചിരുന്നു.
അതേസമയം, കേസിൽ മുതിർന്ന അഭിഭാഷകൻ ഉജ്ജ്വൽ നിഗം സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറാകുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് അറിയിച്ചു. വിചാരണ അതിവേഗ കോടതിയിൽ നടത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി. കേസ് അന്വേഷണത്തിൽ വീഴ്ചവരുത്തിയ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തതായും ഫട്നാവിസ് അറിയിച്ചു.
സംഭവത്തിൽ, പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചതായി മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. വളരെ ഗൗരവമായാണ് വിഷയം കാണുന്നത്. സ്കൂളിനെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. കുറ്റം ചെയ്തവരാരും രക്ഷപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിൽ രണ്ടാഴ്ചയ്ക്കം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ മഹാരാഷ്ട്ര ചീഫ് സെക്രട്ടറിക്കും പോലീസ് മേധാവിക്കും ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി. എഫ്.ഐ.ആർ ഇടുന്നതിലുണ്ടായ കാലതാമസത്തിന്റെ കാരണം ബോധിപ്പിക്കണമെന്നും കമ്മീഷന്റെ ഉത്തരവിൽ പറയുന്നു.
ഓഗസ്റ്റ് 12, 13 എന്നീ ദിവസങ്ങളിലായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. സ്കൂളിലെ 23-കാരനായ ശുചീകരണ തൊഴിലാളി പെൺകുട്ടികളുടെ ശൗചാലയത്തിൽവെച്ച് നാല് വയസുള്ള രണ്ട് പെൺകുട്ടികളോട് ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതി. തുടർന്ന്, പോലീസ് ഇയാളെ അറസ്റ്റ് ചെയ്തെങ്കിലും പ്രതിഷേധം കനത്തു.
സംഭവം പുറത്തറിഞ്ഞതോടെ സ്കൂൾ മാനേജ്മെന്റ് ക്ലാസ് ടീച്ചറിനെ പിരിച്ചുവിടുകയും പ്രിൻസിപ്പലിനെ സസ്പെന്റ് ചെയ്യുകയും ചെയ്തു. എന്നാൽ, കേസ് ഒതിക്കിതീർക്കാൻ പോലീസും സ്കൂൾ മാനേജ്മെന്റും ഒത്തുകളിച്ചെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിൽ സ്കൂൾ അധികൃതർ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് രക്ഷിതാക്കളുടെ പ്രതിഷേധം. അധികൃതർ ഔദ്യോഗികമായി മാപ്പ് പറയാത്തതും ഇവരെ പ്രകോപിപ്പിക്കുന്നുണ്ട്