ചെർക്കളയിലെ കള്ളനോട്ടടി കേന്ദ്രത്തിൽ പ്രസ് ഉടമയെ എത്തിച്ച് തെളിവെടുപ്പ്;കമ്പ്യൂട്ടറും പ്രിൻ്ററും മഷി പതിയാത്ത നോട്ടുകളും കണ്ടെടുത്തു, നോട്ടടി തുടങ്ങിയത് മൂന്നു മാസം മുമ്പെന്ന് സൂചന
കാസർകോട്: മംഗ്ളൂരുവിൽ അറസ്റ്റിലായ കള്ളനോട്ടു സംഘം കള്ളനോട്ടുകൾ അച്ചടിച്ച ചെർക്കളയിലെ പ്രസിൽ പൊലീസ് തെളിവെടുപ്പ് നടത്തി. ചെർക്കളയിലെ ശ്രീലിപി പ്രസിലാണ് മംഗ്ളൂരു സൈബർ ഇക്കണോമിക്സ് ആന്റ്റ് നാർക്കോട്ടിക് പൊലീസ് എസ്.ഐ കൃഷ്ണ ബായാറും സംഘവും തെളിവെടുപ്പ് നടത്തിയത്. കള്ളനോട്ടുകൾ അച്ചടിക്കുന്നതിനു ഉപയോഗിച്ച പ്രിൻ്റർ, കമ്പ്യൂട്ടർ എന്നിവ കണ്ടെത്തി. കള്ളനോട്ട് നിർമ്മാണത്തിന് ഉപയോഗിച്ച പേപ്പറുകളും കണ്ടെടുത്തു. പ്രസിനു അകത്തും പുറത്തു നിന്നുമായി മഷി തെളിയാത്തതിനെ തുടർന്ന് ഉപേക്ഷിച്ച നോട്ടുകളുടെ ഭാഗങ്ങളും കണ്ടെത്തി. പ്രസ് ഉടമ കൊളത്തൂർ, കരിച്ചേരി, പെരളത്തെ വി. പ്രിയേഷിനെയും കൂട്ടിയാണ് പൊലീസ് തെളിവെടുപ്പിന് എത്തിയത്.
പ്രിയേഷിനെയും മുളിയാർ, മല്ലം, കല്ലുക്കണ്ടത്തെ കെ. വിനോദ് കുമാർ, പെരിയ, കുണിയയിലെ ഷിഫ മൻസിലിലെ അബ്ദുൽ ഖാദർ, കർണ്ണാടക പുത്തൂർ, ബെനാട് ബെളിയൂർക്കട്ടയിലെ അയൂബ്ഖാൻ എന്നിവരെയും കഴിഞ്ഞ ദിവസമാണ് മംഗ്ളൂരുവിൽ പിടികൂടിയത്. ക്ലോക്ക് ടവറിനു സമീപത്തെ ഒരു ലോഡ്ജ് മുറി കേന്ദ്രീകരിച്ച് കള്ളനോട്ടു വിതരണം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നാണ് പൊലീസ് ലോഡ്ജിലെത്തി നാലു പേരെയും അറസ്റ്റു ചെയ്തത്. മുറിയിൽ നിന്നു 500 രൂപയുടെ 427 കള്ളനോട്ടുകളും മൂന്നു മൊബൈൽ ഫോണുകളും പിടികൂടിയിരുന്നു. മൂന്നുമാസം മുമ്പാണ് ചെർക്കളയിൽ കള്ളനോട്ടു നിർമ്മാണം തുടങ്ങിയതെന്നാണ് പൊലീസിനു ലഭിച്ച വിവരം. പ്രിയേഷിനെ തെളിവെടുപ്പിന് എത്തിച്ച വിവരമറിഞ്ഞ് നിരവധി പേർ പ്രസിൻ്റെ പരിസരത്ത് എത്തിയിരുന്നു.