കഴക്കൂട്ടത്ത് നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെന്ന് കന്യാകുമാരിയിലെ ഓട്ടോ ഡ്രൈവർമാർ; ബീച്ച് ഭാഗത്തേക്ക് തെരച്ചിലിനൊരുങ്ങി പൊലീസ്
തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിയായ 13കാരിക്കായി വ്യാപക തെരച്ചിൽ. പെൺകുട്ടിയെ കാണാതായിട്ട് 21 മണിക്കൂർ കഴിഞ്ഞു. കുട്ടി ട്രെയിനിൽ കയറി കന്യാകുമാരിയിൽ എത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് കേരള പൊലീസ് തമിഴ്നാട്ടിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടിയെ കണ്ടതായി കന്യാകുമാരിയിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ പറഞ്ഞു. തുടർന്ന് കന്യാകുമാരി റെയിൽവേ സ്റ്റേഷനിലെ ആറ് പ്ലാറ്റ്ഫോമുകളും ട്രെയിനുകളും സ്റ്റേഷൻ പരിസരവും റെയിൽവേ സംരക്ഷണ സേന പരിശോധിച്ചു.
രാവിലെ 5.30ന് സ്റ്റേഷന്റെ പുറത്ത് കുട്ടി നിൽക്കുന്നത് കണ്ടതായാണ് വിവരം ലഭിച്ചത്. കന്യാകുമാരി ഓട്ടോറിക്ഷാ അസോസിയേഷന് പെൺകുട്ടിയുടെ ഫോട്ടോ തമിഴ്നാട് പൊലീസ് കൈമാറി. കന്യാകുമാരി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ രാവിലെ നാല് മണി മുതൽ പരിശോധന നടക്കുകയാണ്. കുട്ടി ബീച്ച് ഭാഗത്തേക്ക് പോകാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് നിലവിലെ പരിശോധന. ഈ ഭാഗങ്ങളിലെ സിസിടിവി ദൃശ്യങ്ങളും തമിഴ്നാട് പൊലീസ് പരിശോധിക്കുന്നുണ്ട്. കേരള പൊലീസ് സംഘത്തിലെ നാലുപേരും വിവിധയിടങ്ങളിൽ പരിശോധന നടത്തുന്നുണ്ട്. കുട്ടിയുടെ സഹോദരൻ ചെന്നൈയിലുള്ളതിനാൽ അവിടേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സഹോദരനുമായി സംസാരിച്ച് പൊലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്.
കഴക്കൂട്ടം സെന്റ് ആന്റണീസ് സ്കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന അൻവർ ഹുസൈനിന്റെ മൂത്തമകൾ തസ്മിൻ ബീഗത്തെയാണ് (13)കാണാതായത്. സഹോദരങ്ങളുമായി വഴക്കിട്ടപ്പോൾ അമ്മ ശകാരിച്ചതിൽ മനംനൊന്ത് വീടുവിട്ടിറങ്ങുകയായിരുന്നു. പെൺകുട്ടി ബംഗളൂരു- കന്യാകുമാരി എക്സ്പ്രസിൽ യാത്ര ചെയ്തുവെന്നും പാറശാല വരെ കുട്ടി ട്രെയിനിൽ ഉണ്ടായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ട്രെയിനിൽ വച്ച് കുട്ടി കരയുന്നത് കണ്ട് യാത്രക്കാരിയായ ബബിത ചിത്രം പകർത്തിയിരുന്നു. ഫോട്ടോ തിരിച്ചറിഞ്ഞാണ് കുട്ടി കന്യാകുമാരിയിലേയ്ക്ക് പോയിരിക്കാമെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്.