കൊച്ചി: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ തോപ്പുംപടി അരൂജാസ് ലിറ്റില്‍ സ്റ്റാർസ് സ്കൂളിലെ 28 വിദ്യാർത്ഥികള്‍ ഇന്ന് മുതല്‍ പരീക്ഷയെഴുതും. കോടതി വിധിയുടെ പിൻബലത്തില്‍ കൊച്ചിയിലെ ടോക്ക്-എച്ച് സ്കൂളിലാണ് കുട്ടികള്‍ പത്താം ക്ലാസ് പരീക്ഷയെഴുതാനെത്തുന്നത്. നഷ്ടമായ രണ്ട് പരീക്ഷകള്‍ എഴുതാനും അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്കൂള്‍ മാനേജ്മെന്റ് നല്കിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
സ്കൂളിന് അംഗീകാരമില്ലാത്തതിനെത്തുടർന്നാണ് തോപ്പുംപടിയിലെ അരൂജാസ് ലിറ്റില്‍ സ്റ്റാർസ് സ്കൂളിലെ 29 കുട്ടികളുടെ ഭാവി തുലാസിലായത്. കടുത്ത നിരാശയിലായ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസമായിട്ടാണ് ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്. സിബിഎസ്ഇ ശക്തമായി എതിർത്തിട്ടും കുട്ടികളെ പരീക്ഷയെഴുതാൻ അനുവദിക്കണമെന്ന് ഡിവിഷൻ ബഞ്ച് ഉത്തരവിടുകയായിരുന്നു. ഇതിന്റെ പിൻബലത്തില്‍, 28 കുട്ടികളും വൈറ്റിലയിലെ ടോക്ക്-എച്ച് സ്കൂളില്‍ ഇന്ന് നടക്കുന്ന സയൻസ് പരീക്ഷയെഴുതാനെത്തും.
രാത്രി വൈകിയും ഹാള്‍ടിക്കറ്റ് സംഘടിപ്പിക്കാനുള്ള ഓട്ടത്തിലായിരുന്നു കുട്ടികളും രക്ഷിതാക്കളും. ശാസ്ത്രം, ഗണിതം, സാമൂഹ്യപഠനം എന്നീ പരീക്ഷകളാണ് ഇനി അവശേഷിക്കുന്നത്. ആദ്യം നടന്ന ഇംഗ്ലീഷ്, മലയാളം പരീക്ഷകളെഴുതാൻ കുട്ടികള്‍ക്ക് സാധിച്ചിരുന്നില്ല. ഈ പരീക്ഷകളുടെ കാര്യത്തില്‍ സിബിഎസ്ഇയോടും പൊതുവിദ്യാഭ്യാസ ഡയറക്ടറോടും ഇന്ന് വിശദീകരണം നല്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
നഷ്ടമായ പരീക്ഷകളും എഴുതാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്കൂള്‍ മാനേജ്മെന്റ് നല്കിയ ഹർജിയിൽ ഇന്ന് ഹൈക്കോടതി സിംഗിൾ ബഞ്ച് വിധി പറയുമോ എന്നത് നിർണായകമാണ്. ഹൈക്കോടതിയുടെ അന്തിമവിധിക്ക് അനുസരിച്ചായിരിക്കും ഈ കുട്ടികളുടെ പരീക്ഷാഫലം പ്രഖ്യാപിക്കുക.