ക്വട്ടേഷൻ കൊലപാതകം: എട്ട് അക്കൗണ്ടുകളിൽനിന്ന് സരിത തട്ടിയെടുത്തത് 60 ലക്ഷം
കൊല്ലം:ബി.എസ്.എൻ.എൽ. റിട്ട. അസിസ്റ്റന്റ് ജനറൽ മാനേജർ സി.പാപ്പച്ചനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ പോലീസ് കസ്റ്റഡി തിങ്കളാഴ്ച അവസാനിച്ചു.കൊല്ലം ജുഡീഷ്യൽ ഒന്നാംക്ലാസ് കോടതി (മൂന്ന്) മജിസ്ട്രേറ്റ് എസ്.എ.സജാദ് മുൻപാകെ വൈകീട്ട് അഞ്ചുമണിയോടെ ഹാജരാക്കിയ ആദ്യ നാലു പ്രതികളായ അനിമോൻ, മാഹിൻ, സരിത, അനൂപ് എന്നിവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഇവരിൽ സരിതയെ കൊട്ടാരക്കര ജയിലിലേക്കും മറ്റു മൂന്ന് പ്രതികളെ കൊല്ലം ജില്ലാ ജയിലിലേക്കുമാണ് കൊണ്ടുപോയത്. തെളിവെടുപ്പ് ഏറെക്കുറെ പൂർത്തിയാക്കിയ പോലീസ് കുറ്റപത്രം തയ്യാറാക്കാനുള്ള അവസാനഘട്ട പരിശോധനയിലാണ്. പാപ്പച്ചന്റെ സമ്പാദ്യത്തിൽ മൂന്നും നാലും പ്രതികൾ നടത്തിയ തിരിമറി, പ്രതികൾ തമ്മിൽ കൊലപാതകത്തിനുമുൻപും ശേഷവും നടന്ന സാമ്പത്തിക ഇടപാടുകൾ തുടങ്ങിയവ പിടിച്ചെടുത്ത രേഖകൾവെച്ച് പരിശോധിക്കും.
ഒന്നും രണ്ടും പ്രതികൾക്ക് കൊല്ലത്തെ വിവിധ കേന്ദ്രങ്ങളിൽെവച്ച് പണം കൈമാറിയതിന്റെ തെളിവെടുപ്പും പോലീസ് തിങ്കളാഴ്ച നടത്തി. സരിതയുടെ മകന്റെയും ഭർത്താവിന്റെയും ഉൾപ്പെടെ ആറ് ബന്ധുക്കളുടെ അക്കൗണ്ട്, പോലീസിന്റെ നിർദേശത്തെ തുടർന്ന് ധനകാര്യസ്ഥാപനം മരവിപ്പിച്ചിട്ടുണ്ട്.
പാപ്പച്ചന്റേതല്ലാത്ത അക്കൗണ്ടുകളിൽനിന്ന് സരിത തട്ടിയെടുത്തത് അരക്കോടിയിലേറെ. കൊല്ലം കൊച്ചുകൊടുങ്ങല്ലൂർ ക്ഷേത്രത്തിനുസമീപം ഓലയിൽ പ്രവർത്തിക്കുന്ന ധനകാര്യസ്ഥാപനത്തിലെ എട്ട് അക്കൗണ്ടുകളിൽനിന്നായി അറുപതുലക്ഷം രൂപ സരിത തട്ടിയെടുത്തതായി കൊല്ലം ഈസ്റ്റ് എസ്.എച്ച്.ഒ. എൽ.അനിൽകുമാർ പറഞ്ഞു. സരിത നടത്തിയ ക്രമക്കേട് ഓഡിറ്റിങ്ങിൽ കണ്ടെത്തിയ സ്ഥാപനം എല്ലാവരുടെയും അക്കൗണ്ടിൽ പണം ഉടൻതന്നെ അടപ്പിച്ച് പ്രശ്നം പരിഹരിച്ചു.
സ്ഥിരനിക്ഷേപം ഉയർത്തിയാൽ കൂടുതൽ പലിശകിട്ടുമെന്നും കൂടാതെ തനിക്ക് ലഭിക്കുന്ന ഇൻസെന്റീവ് (പ്രോത്സാഹനത്തുക) നൽകാമെന്നും വാഗ്ദാനം ചെയ്ത് പാപ്പച്ചനെക്കൊണ്ട് വായ്പ എടുപ്പിച്ചിരുന്നു. എന്നാൽ ഉറപ്പുനൽകിയതുപോലെ ഈ പണം അക്കൗണ്ടിൽ കാണാതെവന്നതിനെ തുടർന്നാണ് പാപ്പച്ചൻ സരിതയോടുതന്നെ പരാതി പറഞ്ഞത്. ഇതേത്തുടർന്നാണ് പാപ്പച്ചനെ ഇല്ലാതാക്കാൻ അനൂപുമൊത്ത് സരിത തീരുമാനമെടുത്തത്.