ചെട്ടുംകുഴിയിലെ വീട്ടിൽ നിന്നും 17,200 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിസഹോദരങ്ങൾ പിടിയിൽ
കാസർകോട്: തുച്ഛമായ അളവിലുള്ള എം.ഡി.എം.എ.യുമായി അറസ്റ്റിലായ യുവാവിൽ നിന്നും പൊലീസിനു ലഭിച്ചത് വൻരഹസ്യം. ചെട്ടുംകുഴിയിലെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ 18 ചാക്കുകളിലായി സൂക്ഷിച്ച 17,295 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ചെട്ടുംകുഴിയിലെ സഹോദരങ്ങളായ ജലീൽ, അബൂബക്കർ എന്നിവരെ അറസ്റ്റു ചെയ്തു. ഇവരുടെ മറ്റൊരു സഹോദരനായ അന്തായ് രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് വിദ്യാനഗർ പൊലീസ് പറയുന്നത് ഇങ്ങനെ-
ഒരു ഗ്രാമിൽ താഴെ അളവിലുള്ള (0.85) എം.ഡി.എം.എ.യുമായാണ് അബ്ദുൽ ഖാദർ എന്നയാളെ വിദ്യാനഗർ പൊലീസ് ഇൻസ്പെക്ടർ യു.പി വിപിനും സംഘവും പിടികൂടിയത്. എം.ഡി.എം.എ.യുടെ ഉറവിടം അന്വേഷിച്ചപ്പോൾ ചെട്ടുംകുഴിയിലെ അന്തായ് ആണ് തന്നതെന്നു മൊഴി നൽകി. ഇയാളുടെ വീട്ടിൽ കൂടുതൽ മയക്കുമരുന്ന് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന നിഗമനത്തിൻ്റെ അടിസ്ഥാനത്തിലാണ് ചെട്ടുംകുഴിയിലെ വീട്ടിൽ പൊലീസ് പരിശോധനയ്ക്ക് എത്തിയത്. ഇതിനിടയിൽ അന്ത്രായി സ്ഥലം വിട്ടു.
ഇയാളുടെ സഹോദരങ്ങളായ ജലീൽ, അബൂബക്കർ എന്നിവരുടെ സാന്നിധ്യത്തിൽ വീട്ടിനകത്തു നടത്തിയ പരിശോധനയിലാണ് ചാക്കുകളിൽ കെട്ടിവച്ച നിലയിൽ പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. കട്ടിലിനു അടിയിലും മറ്റുമാണ് ഇവ സൂക്ഷിച്ചിരുന്നത്. തിങ്കളാഴ്ച രാത്രി കണ്ടെടുത്ത പുകയില ഉൽപ്പന്നങ്ങൾ ചൊവ്വാഴ്ച ഉച്ചയോടെയാണ് എണ്ണിത്തീർത്തത്.” പൊലീസ് സംഘത്തിൽ എസ്.ഐ.മാരായ ബാബു, അജീഷ്, ഉമേശ്, നാരായണൻ, എ.എസ്.ഐ സുധീരൻ, പൊലീസുകാരായ റോജൻ, നിഥിൻ, പ്രദീപ്, ഹരീഷ്, ഷീബ, ഹോംഗാർഡ് കൃഷ്ണൻ എന്നിവരും ഉണ്ടായിരുന്നു.