സ്വകാര്യ ഭാഗങ്ങളില്‍ അടക്കം 14 ലധികം മുറിവുകള്‍, എല്ലാം മരണത്തിന് മുമ്പ് ഉണ്ടായത്; കൊല്‍ക്കത്തയിലെ പിജി ട്രെയിനി ഡോക്ടറുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.
ബംഗളൂരു: കൊല്‍ക്കത്തയിലെ ആർജി കാർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പിജി ട്രെയിനി ഡോക്ടറുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്.
മൃതദേഹത്തില്‍ ആകെ 14ലധികം മുറിവുകളുണ്ട്. തല, കവിളുകള്‍, ചുണ്ടുകള്‍, മൂക്ക്, വലത് താടിയെല്ല്, താടി, കഴുത്ത്, ഇടതു കൈ, തോള്, കാല്‍മുട്ട്, കണങ്കാല് എന്നിവയിലും സ്വകാര്യ ഭാഗങ്ങളിലുമാണ് ഈ മുറിവുകള്‍. ഇവയെല്ലാം തന്നെ മരണത്തിന് മുമ്ബ് ഉണ്ടായ മുറിവുകളാണ് എന്നും പോസ്റ്റ്മോർട്ടത്തില്‍ പറയുന്നു.
ശ്വാസം മുട്ടിക്കുന്ന തരത്തില്‍ കൈകൊണ്ട് കഴുത്ത് ഞെരിച്ചതാണ് മരണകാരണമെന്നും കണ്ടെത്തിയിട്ടുണ്ട്. മരണം കൊലപാതകമാണെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മാത്രമല്ല, ജനനേന്ദ്രിയത്തില്‍ ഒരു ‘വെളുത്ത, കട്ടിയുള്ള ദ്രാവകത്തിന്റെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. ശ്വാസകോശത്തില്‍ രക്തസ്രാവമുണ്ടായതായും ശരീരത്തില്‍ രക്തം കട്ടപിടിച്ചതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ പരിശോധനയ്ക്കായി രക്തത്തിന്റെയും മറ്റ് ശരീര സ്രവങ്ങളുടെയും സാമ്ബിളുകള്‍ അയച്ചിട്ടുണ്ട്.
പിജി ട്രെയിനി ഡോക്ടറെ ആഗസ്റ്റ് 9 നാണ് ആശുപത്രി സെമിനാര്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന്റെ പിറ്റേന്ന് കൊലപാതകവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പൊലീസിലെ സിവില്‍ വോളന്റിയറായ സഞ്ജയ് റോയിയെ അറസ്റ്റ് ചെയ്തു. രാജ്യ വ്യാപകമായ പ്രതിഷേധം ശക്തമായതോടെ കൊല്‍ക്കത്ത ഹൈക്കോടതി അന്വേഷണം സിബിഐക്ക് വിട്ടു. ജനരോഷത്തിനിടയില്‍, ആര്‍ജി കര് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ സന്ദീപ് ഘോഷ് രാജിവച്ചിരുന്നു.
സംഭവത്തെ തുടര്‍ന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ജോലിസ്ഥലങ്ങളില്‍, പ്രത്യേകിച്ച് സര്‍ക്കാര്‍ നടത്തുന്ന ആശുപത്രികളില്‍ സ്ത്രീകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് നിരവധി നടപടികള്‍ പ്രഖ്യാപിച്ചു.
അതേസമയം സംഭവത്തിന് പിന്നില്‍ വൻ സ്രാവുകളുണ്ടെന്ന് മാതാപിതാക്കളും സഹപ്രവർത്തകരും. കൊല്ലപ്പെട്ട ഡോക്ടർക്ക് ‘പല കാര്യങ്ങളും അറിയാമായിരുന്നു’ എന്നാണു സഹപ്രവർത്തകർ പറയുന്നത്. ഇതിന്റെ പേരിലാണോ കൊലപാതകമെന്നു സംശയിക്കണമെന്നും അവർ പറഞ്ഞു. ആശുപത്രിയുടെ ഭാഗത്തുനിന്നു വൻ സമ്മർദമുണ്ടായതായി ഡോക്ടർ ഡയറിയില്‍ എഴുതിയിരുന്നതു സഹപ്രവർത്തകർ ചൂണ്ടിക്കാട്ടി. തുടർച്ചയായി 36 മണിക്കൂർ വരെ ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്. ശിക്ഷാനടപടികളുടെ ഭാഗമായി തുടർച്ചയായി ജോലി ചെയ്യിപ്പിക്കുന്നത് ഇവിടത്തെ രീതിയാണെന്നും അവർ പറഞ്ഞു. ആശുപത്രി കേന്ദ്രീകരിച്ചു മരുന്നു റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നും ഇതെക്കുറിച്ച് കൊല്ലപ്പെട്ട ഡോക്ടർക്ക് അറിവുണ്ടായിരിക്കാമെന്നും സഹപ്രവർത്തകർ പറഞ്ഞു.
മകളുടെ കൊലപാതകത്തില്‍ ചില സഹപ്രവർത്തകരുടെ പങ്കു സംശയിക്കുന്നതായി മാതാപിതാക്കളും സിബിഐക്കു മൊഴി നല്‍കിയിരുന്നു. ഏതാനും ഡോക്ടർമാരുടെ പേരുകളും അവർ പരാമർശിച്ചിരുന്നു. അറസ്റ്റിലായ സഞ്ജയ് റോയിക്കു പുറമേ മറ്റാർക്കെങ്കിലും കൊലപാതകത്തില്‍ പങ്കുണ്ടോയെന്നതില്‍ സിബിഐക്കു തെളിവുകള്‍ ലഭിച്ചിട്ടില്ല. യുവതിയുടെ നഖത്തില്‍നിന്നു കിട്ടിയ ത്വക്കിന്റെ ഭാഗങ്ങള്‍ പ്രതിയുടേതാണെന്നു വ്യക്തമായിട്ടുണ്ട്. യുവതിയുടെ രക്തക്കറ പ്രതിയുടെ വസ്ത്രത്തിലും ചെരിപ്പിലും കണ്ടെത്തി. മൃതദേഹം കിടന്ന സെമിനാർ ഹാളില്‍നിന്ന് പ്രതിയുടെ ഇയർ ഫോണും ലഭിച്ചിരുന്നു.