എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് എൻസിസി ഉദ്യോഗസ്ഥൻ; ഏഴ് പേർ അറസ്റ്റിൽ
കൃഷ്ണഗിരി: തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിൽ എൻസിസി ഉദ്യോഗസ്ഥൻ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവം മറച്ചുവയ്ക്കാൻ ശ്രമിച്ചതിന് ഒരു സ്വകാര്യ സ്കൂൾ പ്രിൻസിപ്പലിനെയും മറ്റ് ആറ് പേരെയും ബർഗൂർ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ഓഗസ്റ്റ് ആഞ്ച് മുതൽ ഒമ്പത് വരെ നടന്ന എൻസിസി ക്യാമ്പിൽ വച്ചായിരുന്നു സംഭവം. ഓഗസ്റ്റ് എട്ടിനായിരുന്നു സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നു. പീഡനത്തിനിരയായ 13കാരി ഉൾപ്പടെ 16 വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥിനികളും സ്കൂൾ ഓഡിറ്റോറിയത്തിലാണ് രാത്രി ഉറങ്ങിയത്. ക്യാമ്പിലുണ്ടായിരുന്ന ശിവരാമൻ (30) 13കാരിയെ സ്കൂളിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
സംഭവത്തെക്കുറിച്ച് പെൺകുട്ടി ആദ്യം പ്രിൻസിപ്പലിനോട് പരാതിപ്പെട്ടെങ്കിലും ആരോടും പറയരുതെന്ന നിർദ്ദേശമാണ് നൽകിയത്. ക്യാമ്പ് കഴിഞ്ഞ് വീട്ടിലെത്തിയ പെൺകുട്ടിയുടെ ആരോഗ്യനില മോശമായി. ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയപ്പോഴാണ് പെൺകുട്ടി പീഡനവിവരം പുറത്തുപറയുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ എൻസിസി ഉദ്യോഗസ്ഥൻ പെൺകുട്ടിയെ പീഡിപ്പിച്ചതായി കണ്ടെത്തി.
നാം തമിഴർ പാർട്ടിയുടെ (എൻടികെ) യുവജന വിഭാഗത്തിന്റെ കൃഷ്ണഗിരി ഈസ്റ്റ് ജില്ലാ സെക്രട്ടറി കൂടിയാണ് പ്രതി ശിവരാമൻ. സംഭവത്തിന് പിന്നാലെ എൻടികെ അദ്ധ്യക്ഷൻ സീമാൻ പാർട്ടിയിൽ നിന്ന് ശിവരാമനെ പുറത്താക്കി. കേസിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.
കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിലെ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ വൻ ജനരോഷം നടക്കുന്നതിനിടെയാണ് ഈ സംഭവം പുറത്തുവരുന്നത്. മരിച്ച ഡോക്ടർക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർമാരും നഴ്സുമാരും വലിയ പ്രതിഷേധമാണ് രാജ്യത്തുടനീളം നടത്തുന്നത്. സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു, വാദം ഓഗസ്റ്റ് 20 ന് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.