40,000 ജീവനുകള്‍; എന്നിട്ടെന്ത് നേടി നെതന്യാഹു?
കഴിഞ്ഞ പത്ത് മാസമായി ഗസ്സയില്‍ ഇസ്റാഈല്‍ നടത്തുന്ന കിരാതമായ ഏകപക്ഷീയമായ നരനായാട്ട് എല്ലാ പരിധിയും ലംഘിച്ച് മുന്നോട്ട് പോകുകയാണ്.
നാല്‍പ്പതിനായിരത്തിലധികം നിരപരാധികളായ മനുഷ്യര്‍ – സ്ത്രീകളും കുട്ടികളും വൃദ്ധരും ഉള്‍പ്പെടെ- ഈ നരനായാട്ടില്‍ മരണപ്പെട്ടു കഴിഞ്ഞു. ഒരു ലക്ഷത്തോളം പേര്‍ക്ക് മാരകമായ പരുക്കേറ്റു. എല്ലാ അന്താരാഷ്ട്ര മര്യാദകളും മനുഷ്യാവകാശങ്ങളും കാറ്റില്‍ പറത്തി സിവിലിയന്മാര്ക്ക് നേരെ നടത്തുന്ന ഈ ഭീകരാക്രമണത്തിനെതിരെ ഐക്യരാഷ്ട്ര സഭയും മറ്റു രാജ്യങ്ങളും ശബ്ദമുയര്‍ത്തിയിട്ടും അതിനൊന്നും യാതൊരു വിലയും കല്‍പ്പിക്കാതെ തീവ്രവാദികളായ ഇസ്റാഈല്‍ ഭരണകൂടം തുടരുന്ന മനുഷ്യത്വവിരുദ്ധ നിലപാടിനെതിരെ നിലപാടെടുക്കാന്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ എന്തുകൊണ്ട് തയ്യാറാകുന്നില്ല. ഇറാഖ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ വ്യാജ കാരണങ്ങള്‍ ഉണ്ടാക്കി നാമാവശേഷമാക്കിയ യാങ്കികള്‍ക്ക് ഇപ്പോള്‍ മനുഷ്യാവകാശവും സമാധാനവും മറന്നു പോയിരിക്കുന്നു.
ദിവസവും ഫലസ്തീനില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ ആത്യന്തികം ഭീതിദമാണ്. അവിടെയുള്ള മനുഷ്യ സമൂഹത്തെ പൂര്‍ണമായി ഉന്മൂലനം ചെയ്യാനുള്ള പദ്ധതികളാണ് ബെഞ്ചമിന്‍ നെതന്യാഹു എന്ന യുദ്ധക്കുറ്റവാളിയായ കൊടും ക്രിമിനല്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ലോക മനസ്സാക്ഷി ഈ യുദ്ധക്കുറ്റവാളിക്കെതിരായി ഉയര്‍ന്നു വരേണ്ടതുണ്ട്. ഏതാനും മണിക്കൂറുകള്‍ കൊണ്ട് ഹമാസിനെ ഉന്മൂലനം ചെയ്യാന്‍ സാധിക്കും എന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് നെതന്യാഹു ഗസ്സ അക്രമത്തിന് തുടക്കം കുറിച്ചത്. എന്നാല്‍ നാളിതു വരെയായി തങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്ര വരെ എത്തിച്ചേര്‍ന്നു എന്ന് കണക്ക് കൂട്ടാന്‍ പോലും ഫാസിസ്റ്റ് ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. നിരപരാധികളായ സിവിലിയന്മാരെ കൊന്നൊടുക്കി എല്ലാ അരിശവും തീര്‍ക്കുകയാണ് ഇസ്റാഈല്‍ സൈന്യം. പിഞ്ചു കുഞ്ഞുങ്ങളെ പോലും വെറുതെ വിടാത്ത പൈശാചികതയാണിപ്പോള് നടമാടുന്നത്.
ഇത്രമാത്രം ക്രൂരമായ അക്രമത്തിനു വിധേയമാകുമ്ബോഴും ഫലസ്തീനികളുടെ ചെറുത്തു നില്പ്പിനും പോരാട്ട വീര്യത്തിനും ഒരു കുറവും വരുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് തന്നെയാണ് അവിടെ നിന്ന് വരുന്ന വാര്‍ത്തകളും സംഭവങ്ങളും നമ്മെ ബോധ്യപ്പെടുത്തുന്നത്. ഫലസ്തീന് കവിയും ആക്ടിവിസ്റ്റുമായ തമീം അല്‍ ബര്‍ഗൂസി പറയുന്നത് “ഇത്രയധികം കൂട്ട നരമേധങ്ങള്‍ നടക്കുമ്ബോഴും നാം എങ്ങനെ നിരാശരാകാതിരിക്കും എന്നാണവര്‍ ചോദിക്കുന്നത്. എന്നാല്‍ നിരാശ ഇസ്റാഈലിനു തന്നെയാണ്. രണ്ടാം നഖ്ബ ദുരന്തം ഉണ്ടാക്കാനാണ് ഇസ്റാഈല്‍ ലക്ഷ്യമിട്ടത്.
അതില്ലാതെ ജൂത രാഷ്ട്രത്തിന് നിലനില്‍പ്പില്ല. പക്ഷേ അത് നടന്നില്ല. അത് അവരെ കടുത്ത നിരാശയില്‍ ആക്കിയിരിക്കുന്നു. ഇത്രയൊക്കെയായിട്ടും നാം പരാജിതരായില്ല. നമ്മെ കുറിച്ച് അവര്‍ക്ക് നിര്‍ഭയരാകാനും ഇതുവരെ സാധിച്ചിട്ടില്ല.’ ഇസ്റാഈല്‍ നടത്തുന്ന കൂട്ട ക്കുരുതിയെ കുറിച്ച് അദ്ദേഹം പറയുന്നു, “തീര്‍ച്ചയായും ഈ യുദ്ധം ഒന്നുകില്‍ കൂടുതല്‍ വ്യാപകമായേക്കാം. അല്ലെങ്കില്‍, ഇങ്ങനെ തന്നെ നിലനില്‍ക്കുകയോ ഒരു പക്ഷേ അവസാനിക്കുകയോ ചെയ്യാം.
സഖ്യശക്തികളുടെ നയതന്ത്ര സമീപനം വഴിയോ ശത്രുവിന്റെ മണ്ടത്തരവും അവിവേകവും ദയാരാഹിത്യവും കാരണമായോ യുദ്ധം കൂടുതല്‍ വ്യാപകമാകുകയാണെങ്കില്‍, അതായത് ഗസ്സയുടെ സഖ്യകക്ഷികള്‍ ഗസ്സയെ ഒറ്റക്ക് വിടാതിരിക്കുകയാണെങ്കില്‍, ഫലസ്തീന്റെ സ്വാതന്ത്ര്യം ആരംഭിക്കുകയായി എന്നാണ് മനസ്സിലാക്കേണ്ടത്. ആസന്ന ഭാവിയില്‍ ഫലസ്തീന് സമ്ബൂര്‍ണമായ വിമോചനം കൈവരിക്കും എന്നതിന്റെ സൂചനയായിരിക്കും അത്. 1099ല്‍, ഒന്നാം കുരിശുയുദ്ധ വേളയില്‍ ഫ്രഞ്ചുകാര്‍ ജെറുസലേമില്‍ പ്രവേശിച്ച അന്ന് മുതല്‍ ഈ മേഖല ഇതുപോലൊരു കൂട്ടക്കുരുതി ദര്‍ശിച്ചിട്ടില്ല. അത്രയ്ക്കും ഭയാനകമായ ഹിംസയാണ് ഇസ്റാഈല്‍ ഇപ്പോള്‍ ഗസ്സയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്’.
എന്നാല്‍ ഗസ്സയെ ലോകം മറക്കുകയാണ്. മനുഷ്യാവകാശത്തിന്റെ അപ്പോസ്തലന്മാര്ക്ക് ഇപ്പോള്‍ മിണ്ടാട്ടമൊന്നുമില്ല. മനുഷ്യത്വരഹിതമായ അക്രമങ്ങള്‍ ഏകപക്ഷീയമായി ഒരു ജനതക്ക് മേല്‍ അരങ്ങേറുമ്ബോള്‍ അരുതെന്നു പറയാനോ, കൊടും ഭീകര രാജ്യത്തെയും അവിടുത്തെ ഭരണാധികാരികളെയും വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യാനോ ആരുമില്ലാതായിരിക്കുന്നു.
യാതൊരു മനുഷ്യത്വവും തൊട്ടു തീണ്ടാത്തവരാണ് തങ്ങളെന്ന് നെതന്യാഹുവും അദ്ദേഹത്തെ പിന്തുണക്കുന്നവരും വീണ്ടും വീണ്ടും ബോധ്യപ്പെടുത്തുകയാണ്. പക്ഷേ തെല്‍ അവീവിലെ ജനങ്ങള്‍ കടുത്ത നിരാശയാലും മാനസിക സംഘര്‍ഷങ്ങളാലും പ്രയാസപ്പെടുന്നതായാണ് ഇസ്റാഈല്‍ പത്രങ്ങള്‍ പോലും പറയുന്നത്. ബര്‍ഗൂസി പറയുന്നു, “ഇന്ന് ഭയത്താല്‍ അവരുടെ ഹൃദയങ്ങള്‍ തൊണ്ടകളിലേക്ക് എത്തി. ആ പ്രദേശത്തുകാര്‍ സുരക്ഷക്ക് വേണ്ടി തങ്ങളുടെ ശത്രുക്കളായ ഫലസ്തീനികളെ സഹായിക്കുകയാണ്. തോല്‍വി സമ്മതിക്കുന്ന ശബ്ദങ്ങള്‍ അവിടെ നിന്ന് ഉയര്‍ന്നു കേള്‍ക്കാം. കഴിഞ്ഞ പത്ത് മാസം ഗസ്സയിലെ ജനത അനുഭവിക്കുന്ന വേദനകള്‍ക്കപ്പുറം മാനസികമായ പ്രഹരവും ഭയവും തങ്ങളെ വിടാതെ പിന്തുടരുന്നു എന്നവര്‍ പറയുന്നു. വലിയ മനുഷ്യക്കുരുതിയില്‍ നിന്ന് ഇസ്റാഈലിനെ രക്ഷിക്കാന്‍ ഇപ്പോള്‍ അവര്‍ മുറവിളി കൂട്ടുകയാണ്’.
തങ്ങളുടെ കൈയിലുള്ള മാരക പ്രഹരശേഷിയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് എല്ലാ മേഖലകളിലും അക്രമങ്ങള്‍ അഴിച്ചു വിട്ടിട്ടും കൂടുതല്‍ ഒന്നും നേടാന്‍ കഴിയാത്തതിന്റെ നിരാശയിലാണ് നെതന്യാഹു. അതിന്റെ അരിശം മുഴുവന്‍ അയാള്‍ തീര്‍ക്കുന്നത് സിവിലിയന്മാരുടെ മുകളിലാണ്. ഒരു കാര്യം വളരെ വ്യക്തമാണ്. ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തി തങ്ങളുടെ കൈയിലുള്ള മുഴുവന്‍ മാര്‍ഗങ്ങളും ഉപയോഗിച്ച് ഒരു കൊച്ചു പ്രദേശത്തെ തകര്‍ത്തു തരിപ്പണമാക്കാനിറങ്ങി. ഇപ്പോള്‍ നാല്‍പ്പതിനായിരത്തിലധികം മനുഷ്യര്‍ അവിടെ കൊല ചെയ്യപ്പെട്ടിരിക്കുന്നു. ലക്ഷക്കണക്കിന് മനുഷ്യര്‍ വഴിയാധാരമായിരിക്കുന്നു.
എന്നിട്ടും എന്ത് നേടിയെന്ന് ചോദിച്ചാല്‍ നെതന്യാഹുവിനു അരിശം മാത്രമാണ് ഉത്തരമായി നല്‍കാനുള്ളത്. ഇപ്പോഴിതാ നിര്‍ബന്ധ സൈനിക സേവനം ചെയ്യാന്‍ ഇസ്റാഈലികളുടെ മേല്‍ സമ്മർദം ചെലുത്തുകയാണ് നെതന്യാഹു. 66,000 പേരെ ഈ നിലക്ക് അടിയന്തരമായി സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യണമെന്നാണ് നെതന്യാഹു ആവശ്യപ്പെടുന്നത്. അതിനെതിരായി കടുത്ത പ്രക്ഷോഭമാണ് തെല്‍ അവീവില്‍ അരങ്ങേറുന്നത്.
ഗസ്സയിലെ മനുഷ്യര്‍ക്ക് വേണ്ടി, ഇസ്റാഈലിന്റെ ക്രൂരതക്കെതിരായി ഇനിയും നമുക്ക് ശബ്ദിക്കാനായില്ലെങ്കില്, തെമ്മാടി രാഷ്ട്രത്തെ പിടിച്ചു കെട്ടാന്‍ ആരും മുന്നോട്ട് വന്നില്ലെങ്കില്‍ ലോകക്രമം തന്നെ തകര്‍ന്നു തരിപ്പണമായേക്കും.