കൊൽക്കത്ത പീഡനക്കേസ്; കേരളത്തിലും പ്രതിഷേധം, രാവിലെ ആറുമുതൽ നാളെ രാവിലെവരെ ഡോക്ടർമാർ പണിമുടക്കും
തിരുവനന്തപുരം: കൊൽക്കത്ത ആർ.ജി. കർ മെഡിക്കൽ കോളേജിലെ പി.ജി ഡോക്ടറെ പീഡിപ്പിച്ച് കൊന്നതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാർ ഇന്ന് പണിമുടക്കും. രാവിലെ ആറ് മുതൽ നാളെ രാവിലെ ആറുവരെയാണ് സമരം. ഐ.എം.എ രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധ സമരത്തിൽ ഡോക്ടർമാരുടെ സംഘടനകളായ കെ.ജി.എം.സി.ടി.എയും കെ.ജി.എം.ഒ.എയും കേരള ഗവ. സ്പെഷ്യലിസ്റ്റ് ഡോക്ടേഴ്സ് അസോസിയേഷനും ഇന്ത്യൻ ഡെന്റൽ അസോസിയേഷനും പങ്കെടുക്കും.
അവശ്യ സർവീസുകളൊഴികെ, ഒ.പിയടക്കം മറ്റ് സേവനങ്ങളിൽ നിന്നാണ് ഡോക്ടർമാർ വിട്ടുനിൽക്കുക. മാറ്റിവയ്ക്കാവുന്ന ശസ്ത്രകിയകളും നടക്കില്ല. പി.ജി ഡോക്ടർമാരുടെയും റസിഡന്റ് ഡോക്ടർമാരുടെയും എം.ബി.ബി.എസ് വിദ്യാർത്ഥികളുടെയും സംഘടനകൾ ഒ.പി ബഹിഷ്കരിച്ച് ഇന്നലെ മുതൽ സമരം ആരംഭിച്ചു. ഇതോടെ, ആശുപത്രികളിലെത്തിയ രോഗികൾ വലഞ്ഞു. അത്യാഹിത വിഭാഗവും ഐ.സി.യുവും ലേബർ റൂമും ഒഴിവാക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും പണിമുടക്കിൽ ഭൂരിഭാഗം ഡോക്ടർമാരും പങ്കെടുക്കുമെന്നതിനാൽ ആശുപത്രി സേവനം പൂർണമായും സ്തംഭിച്ചേക്കും.
അഡ്മിറ്റ് ചെയ്ത രോഗികൾക്കുള്ള ചികിത്സയും അവശ്യ സേവനങ്ങളും ലഭ്യമാക്കും. വയനാട് ജില്ലയിലെ സാഹചര്യം കണക്കിലെടുത്ത് ജില്ലയെ സമരത്തിൽ നിന്ന് ഒഴിവാക്കി. അതേസമയം വയനാട്ടിലെ ഡോക്ടർമാർ പ്രതിഷേധ സൂചകമായി കറുത്ത ബാഡ്ജ് ധരിച്ചാവും ഡ്യൂട്ടിക്കെത്തുക. സമരത്തിന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും ഇന്ന് പണിമുടക്കില്ലെന്ന് കേരളാ ഗവ. നഴ്സസ് യൂണിയൻ അറിയിച്ചു. ഇന്ന് കരിദിനമായി ആചരിക്കും.
കൊൽക്കത്തയിലെ ക്രൂരമായ കൊലപാതകത്തിനും, ഇതിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തിൽ നടപടിയെടുക്കാത്തതിനുമെതിരെയാണ് ഇന്നത്തെ സമരമെന്ന് ഐ.എം.എ സംസ്ഥാന ഭാരവാഹികൾ അറിയിച്ചു. മെഡിക്കൽ കോളേജുകൾക്കും ആരോഗ്യ സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാൻ പഴുതടഞ്ഞ സുരക്ഷ ഉറപ്പു വരുത്തണമെന്നും ആവശ്യപ്പെട്ടു.