കാസർകോട്: വിദേശത്ത് ജോലി ശരിയാക്കാമെന്ന് വിശ്വസിപ്പിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റടക്കം രണ്ടുപേർ തന്റെ 2.5 ലക്ഷം രൂപ തട്ടിയതായി വീട്ടമ്മയുടെ പരാതി. കാസർകോട് പുലിക്കുന്ന് സ്വദേശിയും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റുമായ ദിലീപ് ദിനേഷ്, ദിനേശ് കുമാർ എന്നിവർക്കെതിരെയാണ് വിശ്വാസ വഞ്ചനയ്ക്ക് കാസർകോട് ടൗൺ പൊലീസിൽ പരാതി നൽകിയത്. മായിപ്പാടി കുതിരപ്പാടി സ്വദേശിനി കെ നാഗവേണി ആണ് പരാതി നൽകിയത്. മകന് യൂറോപ്യൻ രാജ്യങ്ങളിലേക്ക് ജോലിക്കായി വിസ ശരിയാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയതെന്നാണ് പരാതിയിൽ പറയുന്നത്. ആറുമാസത്തിനകം വിസ ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ചതോടെ 2022 മെയ് മാസം എച്ച്.ഡി.എഫ്.സി ബാങ്ക് അക്കൗണ്ട് വഴി നാഗവേണി ഒരുലക്ഷം ദിലീപിന് അയച്ചുകൊടുത്തിരുന്നു. ഒന്നരലക്ഷം രൂപ ഗൂഗിൾ പേ വഴി പലതവണയായും അയച്ചു നൽകി. എന്നാൽ രണ്ടുവർഷം കഴിഞ്ഞിട്ടും വിസ ലഭിച്ചില്ല. പണവും തിരിച്ചു ലഭിച്ചില്ല. ഇതേ തുടർന്നാണ് വീട്ടമ്മ പൊലീസിനെ സമീപിച്ചത്. കേസെടുത്ത പൊലീസ് അന്വേഷണം നടത്തിവരികയാണ്. അതേസമയം വീട്ടമ്മയെ വിസാ തട്ടിപ്പിനിരയാക്കി രണ്ടര ലക്ഷം തട്ടിയ ദിലീപിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി കെ ഉദ്ദേഷ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിലിന് പരാതി നൽകിയിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ് നേരിടുന്ന പ്രതി മണ്ഡലം പ്രസിഡൻ്റ് സ്ഥാനത്ത് തുടരുന്നത് പ്രസ്ഥാനത്തിന് അവമതിപ്പുണ്ടാക്കുമെന്നും ദീലീപിനെതിരെ നടപടിവേണമെന്നും പരാതിയിൽ പറഞ്ഞു.