കാഞ്ഞങ്ങാട് ∙ ടർഫുകളിൽ രാത്രികാലങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ ഹൊസ്ദുർഗ് പൊലീസ്. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ ടർഫ് ഉടമകളുമായി നടത്തിയ യോഗത്തിലാണ് നിയന്ത്രണം കൊണ്ടു വരാൻ ധാരണയായത്. സ്കൂൾ കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് സാമൂഹിക വിരുദ്ധരും ലഹരി സംഘങ്ങളും പ്രവർത്തിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്ലസ് ടു വരെ പഠിക്കുന്ന കുട്ടികൾക്ക് രാത്രി 7ന് ശേഷം ടർഫിൽ കളിക്കാൻ അനുവാദമുണ്ടാകില്ല.
രാത്രികാലങ്ങളിൽ ടർഫിൽ കളിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കളെ സ്റ്റേഷനിൽ വിളിച്ചു വരുത്തും. ടർഫ് ബുക്ക് ചെയ്യുന്നവരുടെ വിലാസവും തിരിച്ചറിയൽ രേഖയും ഉൾക്കൊള്ളുന്ന റജിസ്റ്റർ സൂക്ഷിക്കും. ടർഫിൽ കളിക്കാര്‍, ടീം മാനേജർമാര്‍ എന്നിവരെ മാത്രമേ പ്രവേശിപ്പിക്കൂ. ടർഫ് പരിസരത്ത് സിസിടിവി ക്യാമറകൾ സ്ഥാപിക്കാനും തീരുമാനിച്ചു. യോഗത്തിൽ ഹൊസ്ദുർഗ് ഇൻസ്പെക്ടർ അജിത്കുമാർ അധ്യക്ഷത വഹിച്ചു. ജനമൈത്രി ബീറ്റ് ഓഫിസർ ടി.വി.പ്രമോദ് പ്രസംഗിച്ചു.