തിരുവനന്തരപുരം: ഏറെ കോളിളക്കമുണ്ടാക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ട് 17ന് പുറത്തുവിടും. സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കിയാകും റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തുക. റിപ്പോർട്ട് പുറത്തുവിടാൻ നേരത്തെ വിവരാവകാശ കമ്മീഷണർ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ നിർമാതാവ് സജിമോൻ പാറയിൽ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
ബുധനാഴ്ച ഹൈക്കോടതി ഹർജി തള്ളിയ പശ്ചാത്തലത്തിലാണ് റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ ഒരുങ്ങുന്നത്. റിപ്പോർട്ട് പുറത്തുവിടാൻ സർക്കാരിന് ഹൈക്കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചിരുന്നു. 233 പേജുള്ള റിപ്പോർട്ടാണ് പുറത്തുവിടുക. നേരത്തെ പരസ്യമാക്കാൻ സാധിക്കില്ലെന്ന് അറിയിച്ചിരുന്ന ഭാഗങ്ങൾ ഒഴിവാക്കി തന്നെയാണ് റിപ്പോർട്ട് പുറത്തുവിടുക. പേജ് നമ്പർ 49 ലെ ചിലഭാഗങ്ങൾ, പേജ് 81 മുതൽ 100 വരെ, ചില മൊഴികൾ, സ്വകാര്യതയെ ബാധിക്കുന്ന മറ്റ് കാര്യങ്ങൾ എന്നിവയുൾപ്പെടെയാണ് ഒഴിവാക്കുന്നത്. കഴിഞ്ഞ 24ന് ഇതേരീതിയിൽ റിപ്പോർട്ട് പ്രസിദ്ധീകരിക്കാനിരിക്കെയാണ് ഹൈക്കോടതിയിൽ സജിമോൻ പാറയിൽ ഹർജി നൽകി റിപ്പോർട്ട് പുറത്തുവിടുന്നതിന് സ്റ്റേ വാങ്ങിയത്.
സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും നീതിനിഷേധങ്ങളും തൊഴിൽസാഹചര്യങ്ങളുമൊക്കെ പഠിക്കാൻ രാജ്യത്താദ്യമായി രൂപീകരിച്ച കമ്മീഷനാണ് ഹേമ കമ്മിറ്റി. സിനിമാരംഗത്തെ വനിത കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവ് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിറ്റി രൂപം കൊണ്ടത്. മുൻ ഹൈക്കോടതി ജഡ്ജി കെ. ഹേമ, നടി ശാരദ, റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി, എന്നിവരടങ്ങിയ മൂന്നംഗ സമിതി ഏറെ ശ്രദ്ധയാണ് തുടക്കം മുതലേ നേടിയത്. 2017-ൽ നിയോഗിക്കപ്പെട്ട സമിതി ആറു മാസത്തിനകം പഠനറിപ്പോർട്ട് സമർപ്പിക്കണം എന്നായിരുന്നു സർക്കാർ ആവശ്യപ്പെട്ടിരുന്നത്. 2019 ഡിസംബറിൽ കമ്മീഷൻ സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. നാലര വർഷങ്ങളുടെ കാത്തിരിപ്പിനാണ് ഇപ്പോൾ വിരാമമുണ്ടായിരിക്കുന്നത്.