2023 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നാളെ പ്രഖ്യാപിക്കും. സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണ് അവാർഡ് നിശ്ചയിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് മന്ത്രി സജി ചെറിയാൻ പുരസ്കാരങ്ങൾ പ്രഖ്യാപിക്കും. പുരസ്കാരങ്ങൾക്കായി പുതുതലമുറ സംവിധായകരുടെ ചിത്രങ്ങൾ തമ്മിൽ കടുത്തമൽസരമാണ്. . മികച്ച സിനിമ, സംവിധായകൻ, നടൻ, നടി തുടങ്ങിയ പ്രധാന പുരസ്കാരങ്ങൾക്കാണ് വാശിയേറിയ പോര്. വേറിട്ട പ്രമേയവും വ്യത്യസ്ത ശൈലികൊണ്ടും ഒരുപിടി നല്ല സിനിമകൾ പിറന്ന വർഷമായിരുന്നതിനാൽ പുരസ്കാര നിർണയത്തിൻ്റെ അവസാന റൗണ്ടിൽ വരെ കടുത്ത മത്സരമാണ് നടക്കുന്നത്. മികച്ച നടന്മാരായി മമ്മൂട്ടിയും പൃഥ്വിരാജും തമ്മിലാണ് പ്രധാനമായും മൽസരം. ‘ആടുജീവിത’ത്തിലെ നജീബായി പൃഥ്വിരാജ് പ്രേക്ഷകരെ വിസ്മയിപ്പിച്ചപ്പോൾ ‘കാതൽ-ദി കോർ’ എന്ന ചിത്രത്തിലെ മമ്മൂട്ടി അവതരിപ്പിച്ച മാത്യുവും ‘കണ്ണൂർ സ്ക്വാഡി’ലെ പൊലീസ് ഓഫീസർ ജോർജും അദ്ദേഹത്തിന് അവാർഡ് നേടിക്കൊടുത്തേക്കും എന്ന് സൂചനയുണ്ട്. കഴിഞ്ഞ തവണ ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയാണ് അവാർഡ് നേടിയത്. ജിയോ ബേബിയോ, ബ്ലെസിയോ, ക്രിസ്റ്റോ ടോമിയോ, ജൂഡ് ആന്റണി തുടങ്ങിയവർ മികച്ച സംവിധായകനാകാൻ മത്സരിക്കുന്നു. ‘ആടുജീവിതം’, ‘കാതൽ’, ‘2018’, ‘ഉള്ളൊഴുക്ക്’ തുടങ്ങിയ സിനിമകൾ മികച്ച ചലച്ചിത്ര പുരസ്കാരത്തിന് മുൻനിരയിലുണ്ടെങ്കിലും റിലീസ് ചെയ്യാത്ത ഏതൊരു സിനിമയ്ക്കും ബഹുമതി ലഭിച്ചേക്കാം. മോഹൻലാലിൻ്റെ ‘നേര്,’ സുരേഷ് ഗോപിയുടെ ‘ഗരുഡൻ, ‘ഫാലിമി,’ ‘പൂക്കാലം’ ‘ശേഷം മൈക്ക്-ഇൽ ഫാത്തിമ,’ ‘ഗഗനാചാരി,’ ‘പ്രണയ വിലാസം,’ ‘കഠിന കഠോരമീ അണ്ഡകടാഹം,’ ‘നെയ്മർ,’ ‘ഒറ്റ്, ’18-പ്ലസ്’ എന്നിവയാണ് അവാർഡിനായി മത്സരിക്കുന്ന മറ്റ് ശ്രദ്ധേയമായ സിനിമകൾ. ഒരേ സിനിമയിലെ രണ്ട് കഥാപാത്രങ്ങൾ തമ്മിൽ മികച്ച നടിക്കായുള്ള മത്സരം നടക്കുന്നുവെന്ന് പ്രത്യേകതയും ഇത്തവണയുണ്ട്. നേരിലെ പ്രകടനത്തിലൂടെ അനശ്വര രാജനും ശേഷം മൈക്കിൽ ഫാത്തിമ എന്ന ചിത്രത്തിലൂടെ കല്യാണി പ്രിയദർശനും മത്സരത്തിനുണ്ട്.