പൊള്ളലേറ്റാൽ ആദ്യം ചെയ്യേണ്ടത് എന്തെന്നു ചോദിച്ചാൽ എല്ലാവരും പറയുന്ന ഉത്തരമാണിത്. പൊള്ളലേറ്റിടത്ത് ടൂത്ത് പേസ്റ്റ് തേയ്ക്കണമെന്ന്. മിക്കവാറും പേരും അങ്ങനെതന്നെയാണ് ചെയ്യുന്നത്. എന്നാൽ പൊള്ളലേൽക്കുന്ന ഭാഗത്ത് പേസ്റ്റോ തേനോ പുരട്ടരുതെന്ന് തിരുവനന്തപുരം പി.ആർ.എസ് ആശുപത്രിയിലെ കൺസൾട്ടന്റ് പ്ളാസ്റ്റിക് സർജൻ ആയ ഡോ. ജി. മനോജ് പറയുന്നുത്
പൊള്ളലിനുള്ള പ്രാഥമിക ചികിത്സ, ശരീരത്തിൽ പൊള്ളലേറ്റ ഭാഗത്ത് പച്ചവെള്ളം തുടർച്ചയായി ഒഴിക്കുക എന്നതാണ്. ഐസ് വാട്ടർ, ടൂത്ത് പേസ്റ്റ്, തേൻ ഇവയൊന്നും പൊള്ളലേറ്റയുടൻ ആ ഭാഗത്ത് പരീക്ഷിക്കരുത്. പൊള്ളിയ ഭാഗത്ത് പച്ചവെള്ളം ഒഴിക്കുന്നതുവഴി പൊള്ളലിന്റെ ആഴം കുറയ്ക്കാൻ കഴിയും. അതിനുശേഷം വൃത്തിയുള്ള തുണി ഉപയോഗിച്ച് ആ ഭാഗം പൊതിയുക. അതിനു ശേഷം എത്രയും വേഗം അടുത്തുള്ള ആശുപത്രിയിലെത്തി വിദഗ്ദ്ധ ചികിത്സ തേടണമെന്നും അദ്ദേഹം അറിയിച്ചു.
അതുപോലെ തന്നെ , ശരീരത്തിൽ പൊള്ളലേറ്റാൽ പോകേണ്ടത് പ്ളാസ്റ്റിക് സർജന്റെയടുത്താണെന്നും ഡോക്ടർ വ്യക്തമാക്കുന്നു. പ്ളാസ്റ്റിക് സർജറി എന്നത് സൗന്ദര്യ സംവർദ്ധക ചികിത്സയുമായി മാത്രം ബന്ധപ്പെട്ടതാണെന്നാണ് പലരുടെയും ധാരണ. അതേസമയം, ഒരു പ്ളാസ്റ്റിക് സർജന്റെ ചികിത്സാ സേവനം ആവശ്യപ്പെടുന്ന പൊള്ളൽ നാട്ടിൽ സാധാരണമാണു താനും!
പൊള്ളലിന്റെ പ്രാഥമിക ശുശ്രൂഷ, ചികിത്സാ രീതികൾ, പൊള്ളലിന് എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്തുകൂടാ എന്നിവയെക്കുറിച്ച് സ്കൂൾ വിദ്യാർത്ഥികളിൽ അവബോധം നൽകുന്നതിനായി ’ഫയർ ഫ്ളൈ” എന്ന പേരിൽ നടത്തുന്ന പ്രൊജക്ടിന്റെ ചീഫ് കോർഡിനേറ്റർ കൂടിയാണ് ഡോ. മനോജ്.
ചെറിയ പൊള്ളലിനുള്ള ചികിത്സ വീട്ടിൽതന്നെ ചെയ്യാവുന്നതാണ്. പൊള്ളൽ ഗുരുതരമാണെന്നു തോന്നുകയാണെങ്കിൽ ഉടൻ അടുത്തുള്ള ആശുപത്രിയെ സമീപിക്കുകയും വേണം.
∙ തണുത്ത വെള്ളം പൊള്ളിയ ഭാഗത്ത് ഒഴിക്കുക.
∙ തുണിയോ ആഭരണങ്ങളോ പൊള്ളിയ ഭാഗത്തുണ്ടെങ്കിൽ അവ നീക്കംചെയ്യുക. പൊള്ളിയ ഭാഗത്തു നീര് വന്നാൽ അവ നീക്കം ചെയ്യുന്നതു പ്രയാസകരമാകും. ഒട്ടിപ്പിടിച്ചിരിക്കുന്ന വസ്ത്രങ്ങൾ നീക്കം ചെയ്യരുത്.
∙ പൊള്ളൽമൂലം രൂപപ്പെടുന്ന കുമിളകൾ പൊട്ടിക്കരുത്.
∙ ടിടി കുത്തിവയ്പ് എടുക്കുക.
∙ നെയ്യ്, വെണ്ണ, ഐസ്, മുട്ട, പഞ്ഞി എന്നിവ പൊള്ളിയ ഭാഗത്തു പുരട്ടരുത്. ഇത് ഇൻഫക്ഷൻ വരാനിടയാക്കും. പഞ്ഞി ഉപയോഗിച്ചാൽ അതു പൊള്ളലിൽ ഒട്ടിപ്പിടിക്കും.
∙ ശുദ്ധമായ വെള്ളത്തിൽ നിത്യവും കുളിച്ചു വൃത്തിയുള്ള തുണികൊണ്ടു പൊള്ളലേറ്റ ഭാഗം മൂടിവയ്ക്കുക.
∙ കുളിച്ചുകഴിഞ്ഞ് ആന്റിബയോട്ടിക്/അലോവേ ഉള്ള ലോഷനുകൾ/വാസ്ലിൻ/സിൽവർ സൾഫ ഓയിന്റ്മെന്റുകൾ ആ ഭാഗങ്ങളിൽ പുരട്ടാം.
∙ മുറിവുകളിൽ നിന്നു വെള്ളം ഒലിക്കുന്നുണ്ടെങ്കിൽ ആന്റിബയോട്ടിക് ഓയിന്റ്മെന്റ് മാത്രം ഉപയോഗിക്കുക. മറ്റ് ഓയിന്റ്മെന്റുകൾ ഉപയോഗിക്കരുത്.
∙ വേദനയ്ക്കു പാരസിറ്റാമോൾ ഉപയോഗിക്കാം. വേദനസംഹാരികൾ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം. ചൊറിച്ചിൽ ഉണ്ടെങ്കിൽ ഡോക്ടറുടെ നിർദേശത്തോടുകൂടി സെട്രിസിൻ, അവിൽ എന്നിവ ഉപയോഗിക്കുക.
∙ ആഹാരം പോഷകസമൃദ്ധമായി കഴിക്കുക. ധാരാളം വെള്ളം, പ്രോട്ടീൻ (മുട്ട, മൽസ്യം, പയർവർഗങ്ങൾ) എന്നിവ ആഹാരത്തിന്റെ ഭാഗമാക്കുക.
∙ വിരലുകളുടെ ഇടയിൽ പൊള്ളലുണ്ടെങ്കിൽ വൃത്തിയുള്ള ഗോസ് വിരലുകൾക്കിടയിൽ വയ്ക്കുക.
∙ പൊള്ളിയ ഭാഗങ്ങൾ ആദ്യത്തെ ഒരു വർഷത്തേക്കു സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുക. സൺസ്ക്രീൻ ലോഷനുകൾ വെയിലത്തുപോകുമ്പോൾ ഉപയോഗിക്കുക.