കാസർകോട്: സെക്യൂരിറ്റി ജീവനക്കാരുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് കേന്ദ്ര സർവകലാശാലയിൽ നിന്ന് കൂടുതൽ പണം അപഹരിച്ചു എന്ന കേസിൽ കാസർഗോഡ് മാതാ സെക്യൂരിറ്റി ഏജൻസി പലിശ സഹിതം വാങ്ങിയ പണം തിരിച്ചുനൽകാൻ ഹൊസ്ദുർഗ്ഗ് സബ് കോടതി വിധിയായി. കൂടാതെ കേസ് നടത്താൻ കേന്ദ്ര സർവകലാശാലയ്ക്ക് വഹിക്കേണ്ടി വന്ന കോടതി ചിലവും നൽകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. 2010 മുതൽ 2015 വരെയുള്ള കാലയളവിൽ യഥാർത്ഥത്തിൽ സേവനം നൽകിയ സെക്യൂരിറ്റി ജീവനക്കാരെക്കാൾ കൂടുതൽ ജീവനക്കാരെ ലഭ്യമാക്കി എന്ന് ജീവനക്കാരുടെ എണ്ണം പെരുപ്പിച്ചു കാണിച്ച് 40,96,539 രൂപ കേന്ദ്ര സർവകലാശാലയിൽ നിന്ന് അനധികൃതമായി തട്ടിയെടുത്തു എന്നാണ് മാതാ സെക്യൂരിറ്റി ഏജൻസിനെതിരെയുള്ള കേസ്. പണം തട്ടിയെടുത്ത ഓരോ മാസത്തിന്റെയും പലിശ അടക്കം 64,44,947 രൂപയും പണം തിരിച്ചെടുക്കുന്നത് വരെയുള്ള പലിശയുമാണ് കേന്ദ്ര സർവകലാശാല മാതാ ഏജൻസിയിൽ നിന്ന് തിരിച്ചടക്കാൻ ആവശ്യപ്പെട്ടത്. 2018 ലാണ് സബ് കോടതിയിൽസർവ്വകലാശാല ഹൊസ്ദുർഗ്ഗ് സബോർഡിനേറ്റ് കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്തത്. കേസ് വിചാരണ ഘട്ടത്തിലിരിക്കെ സ്ഥാപന ഉടമ രാജേന്ദ്ര പിള്ള മരിച്ചു. തുടർന്ന് അദ്ദേഹത്തിൻ്റെ അനന്തരാവകാശികളെ കക്ഷിചേർക്കുകയും ചെയ്തു. അനന്തരാവകാശികളാണ് പണം തിരിച്ചു അടക്കേണ്ടത്. കേസ് തെളിയിക്കുന്നതിനായിഅന്യായക്കാരനായ കേന്ദ്ര സർവകലാശാല ആയിരത്തിലധികം രേഖകൾ ഹാജരാക്കുകയും ഡെപ്യൂട്ടി രജിസ്ട്രാർ സുരേഷ് കണ്ടത്തിൽ സർവ്വകലാശാലയ്ക്ക് വേണ്ടി മൊഴി നൽകി.ഈ തെളിവുകളുടെ അടിസ്ഥാനത്തിലും രാജേന്ദ്ര പിള്ളേരുടെ ഭാര്യയുടെയും സാക്ഷി മൊഴികളുൾ പരിശോധിച്ചുമാണ് ഹോസ്ദുർഗ് സബ് ജഡ്ജ് ബിജു എം.സി. കോടതി വിധി പ്രഖ്യാപിച്ചത്. കേന്ദ്ര സർവകലാശാലയ്ക്ക് വേണ്ടി അഡ്വ. കെ. ശ്രീകാന്ത് കേസ് വാദിച്ചു. സെക്യൂരിറ്റി ഏജൻസിയും മറ്റു ചില ഉദ്യോഗസ്ഥന്മാരും ചേർന്ന് കേന്ദ്ര സർവകലാശാലയോട് വിശ്വാസ വഞ്ചനയും പണാപഹരണം നടത്തിയതിനെതിരെ സിബിഐ സമർപ്പിച്ച ക്രിമിനൽ കേസ് എറണാകുളം സിബിഐ കോടതി നിലവിലുണ്ട്. മാതാ ഏജൻസിക്ക് പുറമെ കേന്ദ്ര സർവകലാശാലയുടെ ചില ഉദ്യോഗസ്ഥന്മാരും സിബിഐ കേസിൽ പ്രതികളാണ്.