മലപ്പുറം : എല്ലാവരും സന്തോഷത്തോടെ നോക്കി കാണേണ്ട വിശിഷ്ടമായ ആഘോഷമാണ് കല്യാണ ആഘോഷം . ഒരു ആണും പെണ്ണും തമ്മിലുള്ള ഉടമ്പടിയിലൂടെ ജീവിതം തുടങ്ങുന്ന വലിയൊരു കരാർ തന്നെയാണ് വിവാഹം . എന്നാൽ ഇന്ന് വിവാഹങ്ങൾ ആഘോഷങ്ങൾക്ക് പിന്നാലെ വിവാദങ്ങൾ പതിവാണ് .ആഘോഷങ്ങളുടെ പേരിൽ കാലഹരണപ്പെട്ട ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്ത രീതിയിലുള്ള പേക്കൂത്തുകളാണ് നടന്നുകൊണ്ടിരിക്കുന്നത് എന്നാണ് പൊതുവായി മനസ്സിലാക്കാവുന്ന കാര്യം . വിവാഹ ആഘോഷത്തിന്റെ പവിത്രത ചോദ്യം ചെയ്യപ്പെടുന്ന ആഭാസങ്ങളും, കോപ്രായങ്ങളും കൊണ്ട് അതിനെ ഒരു കൂട്ടം ആളുകൾ അരോചകമാക്കുന്നത് . എന്നാൽ മലപ്പുറത്തെ തിരൂർക്കാട് മഹല്ല് വിവാഹവുമായി ബന്ധപ്പെട്ട് കൃത്യമായ പാലിക്കേണ്ട നിർദ്ദേശങ്ങൾ നൽകിയിരിക്കുകയാണ് . ഇതിൽ ഏറ്റവും പ്രധാനപ്പെട്ട വിഷയം മഹല്ല് കമ്മിറ്റി നടത്തുന്ന പ്രീ-മാരിറ്റൽ ക്ലാസ്സിൽ വിവാഹപ്രായമെത്തുന്ന മഹല്ലിലെ യുവതി യുവാക്കൾ നിർബന്ധമായി പങ്കെടുക്കണം എന്നുള്ളതാണ് . വിവാഹപൂര്‍വ കൗണ്‍സലിംഗ് നിര്‍ബന്ധമാക്കണമെന്ന് വനിതാ കമ്മിഷന് സംസ്ഥാന സര്‍ക്കാരിനോട് കഴിഞ്ഞവർഷം ശുപാര്‍ശ ചെയ്തിരുന്നതാണ് . ഇതുമായി ബന്ധപ്പെട്ട നിരവധി വിവാഹപൂർവ്വം കൗൺസിലിംഗ് സർക്കാർ സംവിധാനത്തിലൂടെ നടപ്പാക്കി വരുന്നുണ്ട് . എന്നാൽ മുസ്ലിം വിഭാഗത്തിൽ നിന്നും ഈ കൗൺസിൽ പങ്കെടുക്കുന്ന ആളുകൾ വളരെ കുറവാണ് . ഇതിനൊരു മാറ്റം ഉണ്ടാകണമെന്ന് ഉദ്ദേശത്തോടെയാണ് മഹൽ അടിസ്ഥാനത്തിൽ തന്നെ പ്രീ-മാരിറ്റൽ ക്ലാസുകൾ കൊണ്ടുവരാൻ തിരൂർക്കാട് മഹല്ല് തീരുമാനിച്ചത് . മഹലിന്റെ മറ്റു തീരുമാനങ്ങൾ ഇങ്ങനെ ..
മഹല്ല് കമ്മിറ്റി തീരുമാനങ്ങൾ (14/07/2024)
1. മഹല്ല് കമ്മിറ്റി നടത്തുന്ന പ്രീ-മാരിറ്റൽ ക്ലാസ്സിൽ വിവാഹപ്രായമെത്തുന്ന മഹല്ലിലെ യുവതി യുവാക്കൾ നിർബന്ധമായി പങ്കെടുക്കേണ്ടതാണ്.
2. വിവാഹവും വിവാഹത്തോടനുബന്ധിച്ചുള്ള ചടങ്ങുകളും പൂർണമായും ഇസ്ലാമിക രീതിയിൽ മാത്രം നടത്തുക.
3. പള്ളിയിൽ വെച്ച് നിക്കാഹ് നടത്തുന്നത് ചടങ്ങിൻ്റെ പവിത്രത വർദ്ധിപ്പിക്കും എന്നതിനാൽ അതിനായി മുൻഗണന നൽകുക.
4. അടുത്തകാലത്ത് വിവാഹത്തോട് അനുബന്ധിച്ച് നടത്തിവരുന്ന മിഠായി കൊടുക്കൽ, വീഡിയോ ഷൂട്ടിംഗ്, മൈലാഞ്ചി കല്യാണം, ഫോട്ടോഗ്രാഫർമാരുടെ അമിത ഇടപെടലുകൾ, പുരുഷന്മാർ കാണും വിധം ഹറാമായ സന്ദേശങ്ങൾ എന്നിവയിലെ അനിസ്ലാമികവും അനുചിതവുമായ കാര്യങ്ങൾ പൂർണമായും ഒഴിവാക്കുക.
5. വധുവരന്മാരാവാൻ പോകുന്നവർ നിക്കാഹിനു മുമ്പുള്ള ഫോൺ കൈമാറ്റം, സോഷ്യൽ മീഡിയ ഇടപെടൽ എന്നിവ ഒഴിവാക്കുക.
6. നിക്കാഹിന്റെ സദസ്സിലും, ഭക്ഷണ ഹാളിലും, സൽക്കാരങ്ങളിലും സ്ത്രീകളും പുരുഷന്മാരും ഇടകലരുന്ന സാഹചര്യം ഒഴിവാക്കുക.
7. ഇരുകുടുംബവും വിവാഹധാരണയിൽ എത്തുന്ന വിവരം അറിയിക്കുന്ന മുറക്ക്, ഖത്തീബും കമ്മിറ്റിയും ഒരുമിച്ച് പ്രസ്തുത വീട് സന്ദർശിച്ച് വിവാഹ ചടങ്ങിൽ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ചും മറ്റും ബോധവൽക്കരിക്കുന്നതാണ്.
8. വിവാഹം പുതിയ ഒരു കുടുംബത്തിൻ്റെ തുടക്കമാണ്. ഈ വിഷയത്തിലുള്ള ശരീഅത്ത് വശങ്ങൾ ഗൗരവപൂർവ്വം പ്രസ്തുത കുടുംബത്തെ ബോധ്യപ്പെടുത്തുന്നതാണ്.
9. വധൂവരന്മാരുടെ വേഷവിധാനവും, അനിസ്ലാമിക അനുകരണങ്ങളും നിയന്ത്രിക്കുകയും രക്ഷിതാക്കളെ ബോധ്യപ്പെടുത്തുകയും ചെയ്യുക.
10. തങ്ങളുടെ മേൽ നിർബന്ധമായ നിസ്കാരങ്ങൾ വിവാഹ ചടങ്ങുകളിലും മറ്റും നഷ്ടപ്പെടാതിരിക്കാൻ വേണ്ടുന്ന സൗകര്യങ്ങൾ ചെയ്യേണ്ടതാണ്.