ബെംഗളൂരു : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ മുൻമുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി. നേതാവുമായ ബി.എസ്. യെദ്യുരപ്പയുടെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതിവിധി നീക്കാൻ സർക്കാർ ശ്രമം തുടങ്ങി. ഇതിനുവേണ്ട നടപടികൾ സ്വീകരിക്കാൻ അഡ്വക്കേറ്റ് ജനറലിനോട് സർക്കാർ ആവശ്യപ്പെട്ടു.
17-കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ച് ബെംഗളൂരു സദാശിവനഗർ പോലീസാണ് യെദ്യുരപ്പയുടെപേരിൽ പോക്സോ കേസെടുത്തത്. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിലായിരുന്നു ഇത്. തുടർന്ന് മുൻകൂർജാമ്യം തേടിയും കേസ് തള്ളണമെന്നാവശ്യപ്പെട്ടും യെദ്യുരപ്പ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
തുടർന്ന് യെദ്യുരപ്പയുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഇതിനിടെ കേസ് പോലീസിന്റെ സി.ഐ.ഡി.വിഭാഗം അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. കർണാടക കോൺഗ്രസ് സർക്കാറിന്റെ നീക്കങ്ങൾ വിജയിച്ചാൽ പോക്സോ കേസിൽ പ്രതിയാകുന്ന ആദ്യ മുൻ മുഖ്യമന്ത്രിയായി യെദ്യൂരപ്പ മാറുമെന്നാണ് കരുതുന്നത് . അതേസമയം കോൺഗ്രസിനെതിരെ ശക്തമായ പ്രതിരോധവുമായി യെദ്യുരപ്പ രംഗത്തുണ്ട് . മൈസൂരു അർബൻവികസന അതോറിറ്റി മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യയ്ക്ക് ഭൂമി നൽകിയതിൽ അഴിമതിയാരോപിച്ച് ബി.ജെ.പി. സമരം ശക്തമാക്കുമ്പോഴാണ് കോൺഗ്രസ് സർക്കാർ യെദ്യുരപ്പയ്ക്കെതിരായ കേസ് ശക്തമാക്കാനൊരുങ്ങുന്നത്. സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ട് എൻ.ഡി.എ.യുടെ മൈസൂരു ചലോ പദയാത്ര സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഗവർണർ താവർചന്ദ് ഗഹ്ലോത് സിദ്ധരാമയ്യയ്ക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ബി.ജെ.പി. ഗവർണറെ കരുവാക്കുകയാണെന്നാണ് കോൺഗ്രസ് ആരോപണം.