വിദ്യാനഗർ, മഞ്ചേശ്വരം, കുബന്നൂർ, മുള്ളേരിയ, അനന്തപുരം കാസർകോട് ടൗൺ, ബദിയടുക്ക, പെർള എന്നിവിടങ്ങളിൽ നാളെ മുതൽ ഒരു മാസത്തേക്ക് വൈദ്യുതി പൂർണമായോ ഭാഗികമായോ തടസ്സപ്പെട്ടേക്കാമെന്ന മുന്നറിയിപ്പുമായി വൈദ്യുതി വകുപ്പ്.
110 കെവി ഫീഡർ ശേഷി വർധിപ്പിക്കൽ പ്രവർത്തി
കാസർകോട് ∙ മൾട്ടി സർക്യുട്ട് മൾട്ടി വോൾട്ടേജ് (എംസിഎംവി) പദ്ധതിയുടെ ഭാഗമായി 110 കെവി ഫീഡർ ശേഷി വർധിപ്പിക്കൽ നടക്കുന്നതിനാൽ കാസർകോട്, മഞ്ചേശ്വരം താലൂക്കുകളുടെ പരിധികളിൽ നാളെ മുതൽ ഒരു മാസത്തേക്ക് വൈദ്യുതി പൂർണമായോ ഭാഗികമായോ തടസ്സപ്പെട്ടേക്കാമെന്ന മുന്നറിയിപ്പുമായി വൈദ്യുതി വകുപ്പ്. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്.
110 െകവി മയിലാട്ടി – വിദ്യാനഗർ ഫീഡർ ശേഷി വർധിപ്പിക്കൽ പ്രവൃത്തിയുടെ ഭാഗമായി വൈദ്യുതി ലൈൻ വലിക്കൽ പ്രവൃത്തി നടക്കുന്നത്. നിലവിലുള്ള 110 കെവി ഫീഡറിൽ നിന്നുള്ള വൈദ്യുതി മയിലാട്ടിയിൽനിന്നു വിദ്യാനഗർ സബ്സ്റ്റേഷനിലേക്കെത്തുന്നത്. ഇതിനു പുറമേ പ്രത്യേക ടവർ സ്ഥാപിച്ച് 220 കെവി 2 സർക്യൂട്ടും 110 കെവി മറ്റൊരു സർക്യൂട്ടും ലൈൻ വലിക്കൽ പ്രവൃത്തികളാണ് നടക്കുന്നത്. മയിലാട്ടിയിൽ നിന്നു വിദ്യാനഗറിലേക്കായി 12 കിലോമീറ്റർ ദൂരമാണുള്ളത്. നിലവിലെ ടവറിനു ചേർന്നു 35 ടവറുകൾ പുതുതായി സ്ഥാപിക്കും.
ഇപ്പോൾ 3 കിലോമീറ്റർ പരിധിയിൽ 9 ടവറുകൾ സ്ഥാപിച്ചു. ഇതിലേക്കുള്ള വൈദ്യുതി ലൈൻ വലിക്കൽ പ്രവൃത്തിയാണ് നാളെ മുതൽ തുടങ്ങുന്നത്. 22 ടവറുകളുടെ ഫൗണ്ടേഷൻ പ്രവൃത്തികൾ പൂർത്തിയായി. 27 കോടി രൂപയുടെ പദ്ധതി അടുത്ത് ജൂണിൽ പൂർത്തിയാക്കുന്നതിനാണ് കരാർ നൽകിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
വിതരണം തടസ്സപ്പെടുന്ന സബ്സ്റ്റേഷനുകൾ
110 െകവി സബ് സ്റ്റേഷനുകളായ വിദ്യാനഗർ, മഞ്ചേശ്വരം, കുബന്നൂർ, മുള്ളേരിയ, 33 കെവി സബ്സ്റ്റേഷനുകളായ അനന്തപുരം കാസർകോട് ടൗൺ, ബദിയടുക്ക, പെർള എന്നിവിടങ്ങളിൽ നിന്നുമുള്ള വൈദ്യുതി വിതരണമാണ് തടസ്സപ്പെടുന്നതെന്ന് മയിലാട്ടി മെയിന്റനൻസ് സബ് ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.