കാസർകോട് : വെളുപ്പിക്കുന്ന വ്യാജക്രീമുകളുടെ അപകടങ്ങളേക്കുറിച്ച് നിരന്തരം വാർത്തകൾ വന്നിട്ടും ഇതിന്റെ നിർമ്മാണത്തിനോ വിതരണത്തിനോ യാതൊരുവിധ കോട്ടവും സംഭവിച്ചിട്ടില്ല എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് . കോഴിക്കോട് നിന്നും ഇവയുടെ ഉപയോഗം വൃക്കരോഗത്തിലേക്കു നയിച്ചതിനേക്കുറിച്ചുള്ള വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ കാസർകോട് നിന്നും സമാനമായ സംഭവമാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇത്തവണ വില്പനക്കാരന് തന്നെയാണ് ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വന്നുചേർന്നിരിക്കുന്നത് . വൃക്കയുമായി ബന്ധപ്പെട്ട രോഗമാണ് വെളുപ്പിക്കുന്ന വ്യാജക്രീമുകളുടെ വിൽപ്പനക്കാരൻ നേരിടുന്നത് . സംഭവം നടന്ന രണ്ടുമാസമായി എന്നാണ് പറയപ്പെടുന്നത് . ആരോഗ്യവാനായി പുറത്തു കാണുമെങ്കിലും വലിയ രീതിയിൽ ആരോഗ്യം പ്രശ്നം വില്പനക്കാരനെ അലട്ടുന്നുണ്ടെന്ന് ഇയാളുമായി ബന്ധപ്പെട്ട ആളുകൾ പറയുന്നത് . അതേസമയം സമാന രീതിയിലുള്ള പ്രശ്നങ്ങൾ നേരിടുന്ന നിരവധി പേരുണ്ടെന്നാണ് വില്പനക്കാരനുമായി ബന്ധപ്പെട്ട ആളുകൾ തന്നെ പറയുന്നത് . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വെളുപ്പിക്കുന്ന ക്രീമുകൾ ഉപയോഗിച്ചുള്ള രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ് .
ഇക്കഴിഞ്ഞ മാസമാണ് മെമ്പ്രനസ് നെഫ്രോപ്പതി എന്ന അപൂർവവൃക്കരോഗം സ്ഥിരീകരിച്ച രണ്ടുപേരിലാണ് പരിശോധനകൾക്കൊടുവിൽ ഫെയർനസ് ക്രീമാണ് വില്ലനെന്നു തെളിഞ്ഞത്. ഇരുപത്തിനാലുകാരിയിലും അമ്പത്തിയാറുകാരനിലുമാണ് തൊലിവെളുക്കാന്‍ ഉയര്‍ന്ന അളവില്‍ ലോഹമൂലകങ്ങള്‍ അടങ്ങിയ ക്രീമുകള്‍ ഉപയോഗിച്ചത് പ്രശ്നമായത്. വൃക്കയുടെ അരിപ്പയ്ക്ക് കേടുവരികയും പ്രോട്ടീന്‍ മൂത്രത്തിലൂടെ നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് മെമ്പ്രനസ് നെഫ്രോപ്പതി. ശരീരത്തിൽ വീക്കം കണ്ടതിനേത്തുടർന്നു നടത്തിയ പരിശോധനയിലാണ് വൃക്കരോഗമാണെന്ന് വ്യക്തമായത്. കൂടാതെ മൂത്രത്തിൽ പ്രോട്ടീന്റെ സാന്നിധ്യവും അമിതമായ അളവിൽ കണ്ടെത്തിയിരുന്നു. ചികിത്സയ്ക്കിടെ ഇരുവരുടേയും രക്തപ്രവാഹത്തിൽ മെർക്കുറിയുടെ സാന്നിധ്യം കണ്ടെത്തിയതിനുപിന്നാലെയാണ് ഡോക്ടർമാർക്ക് സംശയമായത്. നിറം വെളുപ്പിക്കുന്ന വസ്തുക്കളിൽ പലതിലും മെർക്കുറി ഉൾപ്പെടെയുള്ള ടോക്സിക് മെറ്റലുകളുടെ സാന്നിധ്യമുണ്ട്. മരുന്നുചികിത്സയ്ക്കൊടുവിൽ ഇരുവരിലേയും മൂത്രത്തിലെ പ്രോട്ടീന്റെ അളവ് കുറയുകയും വൃക്കയുടെ പ്രവർത്തനം മെച്ചപ്പെടുകയുമായിരുന്നു. ഇരുവരും തക്കസമയത്ത് ആശുപത്രിയിലെത്തിയതാണ് ഗുണംചെയ്തതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. വ്യാജ ഫെയർനസ് ക്രീമുകളിൽ ശരീരത്തിന് ദോഷകരമായ രാസവസ്തുക്കളുണ്ട്. ഇവ അലര്‍ജിക്കും തൊലിപ്പുറത്തെ അര്‍ബുദത്തിനും കാരണമാകും. കൃത്യമായ ക്രീമിനുള്ള രാസവസ്തു ഘടകങ്ങൾ പ്രദർശിപ്പിച്ചുള്ള അംഗീകൃത മുഖ സൗന്ദര്യ ക്രീമുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം എന്നാണ് ഡോക്ടർമാർ പറയുന്നത് .
മെർക്കുറി അടങ്ങിയാൽ
മുഖം വെളുപ്പിക്കുന്നവയും (face whitening) പ്രായം കുറച്ച് കാണിക്കുന്നവയുമായ (antiaging) ത്വക് ലേപനങ്ങൾ വിപണിയിൽ സുലഭമാണ്. ഇതിലെ ചില ചേരുവകൾ നല്ലവയും ശാസ്ത്രീയമായി തെളിയിച്ചതുമായിരിക്കാം (ഉദാ. വിറ്റാമിൻ എ അഥവാ റെറ്റിനോയ്ഡ്സ്). എന്നാൽ ചിലതിൽ വിഷമുള്ള പദാർഥങ്ങൾ (ഉദാ. മെർക്കുറി ) ഉൾപ്പെട്ട വ്യജ ഉത്പന്നങ്ങളും ഉൾപ്പെടുന്നുണ്ട്. ത്വക്കിന്റെ അവസ്ഥ അനുസരിച്ചു 80 ശതമാനം വരെ മെർക്കുറി ശരീരത്തിനുള്ളിലേക്ക് ആഗിരണം ചെയ്യപ്പെടാം. എണ്ണമയം കൂടുതൽ ഉണ്ടെങ്കിലോ മുറിവുകൾ ഉണ്ടെങ്കിലോ ഇതിന്റെ അളവ് കൂടാം. ഇത് രക്തം വഴി ശരീരത്തിന്റെ മറ്റ് അവയവങ്ങളിലേക്ക് പോകുന്നു. മെർക്കുറി പല ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാം വൃക്കരോഗങ്ങൾ ഉൾപ്പടെ. നെഫ്രോട്ടിക് സിൻഡ്രോം എന്ന അവസ്ഥ ഇതുമൂലം ഉണ്ടാകാം. ഇത് മൂർച്ഛിച്ചാൽ വൃക്കസ്തംഭനവും സംഭവിക്കാം.