കാസർകോട് : ബ്രോയിലർ ചിക്കൻ വില കുത്തനെ കുറഞ്ഞതോടെ നഷ്ടക്കയത്തില്‍ മുങ്ങി കോഴി ഫാം മേഖല. ഇന്നലെ 60 65 രൂപയ്ക്കാണ് ഫാമുകളില്‍ നിന്ന് ഏജന്റുമാർ കോഴികളെ വാങ്ങിയത്
സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.ഫാമുകളില്‍ വലിയ തോതില്‍ കോഴികള്‍ ഉള്ളതിനാല്‍ ഏജന്റുമാർ പറയുന്ന വിലയ്ക്ക് നല്‍കേണ്ട അവസ്ഥയിലാണ് കർഷകർ. വളർച്ചയെത്തിയ ശേഷം കോഴികളെ ഫാമുകളില്‍ നിറുത്തുന്നത് തീറ്റയിനത്തില്‍ വീണ്ടും നഷ്ടം വരുത്തും.ഏതാനം മാസങ്ങളായി കോഴി വില ഉയർന്നു നില്‍ക്കുന്നത് മുന്നില്‍ കണ്ട് ഫാമുകളില്‍ വലിയ തോതില്‍ കോഴികളെ വളർത്തിയതാണ് കോഴി കർഷകർക്ക് വിനയായത്.ഒരാഴ്ച മുമ്ബ് വരെ ഒരു കിലോ കോഴിയിറച്ചിക്ക് 140 മുതല്‍ 160 രൂപ വരെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഈടാക്കിയിരുന്നത്. ഉത്പാദനം കൂടി ഫാമുകളില്‍ കോഴികള്‍ കെട്ടിക്കിടക്കാൻതുടങ്ങിതോടെ പൊടുന്നനെ വില കുറഞ്ഞു. മഴക്കാലം കോഴികളുടെ വളർച്ചയ്ക്ക് അനുകൂലമായ കാലാവസ്ഥയാണ്. തൂക്കവും കൂടും. ഇനി ഓണത്തോടനുബന്ധിച്ച് മാത്രമേ വിലയില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കാനാവൂ എന്നാണ് കോഴിക്കച്ചവടക്കാർ പറയുന്നത്.
കോഴിഫാം മേഖലയിലേക്ക് കടന്നുവന്ന ഇതര ജില്ലയിലെ പ്രവാസികൾക്ക് തിരിച്ചടി
കാസർഗോഡ് കോഴി ഫാം മേഖലയിലേക്ക് പുതുതായി വലിയ രീതിയിൽ ആരും കടന്നു വന്നിട്ടില്ല . കൂടുതലായും കർണാടക സംസ്ഥാനത്തെയും കണ്ണൂർ മലപ്പുറം ജില്ലകളെയും ആണ് കാസർകോട്ട് ചില്ലറ വിൽപ്പനക്കാർ ആശ്രയിക്കുന്നത് . ഇത്തവണ നഷ്ടം നേരിട്ടവരില്‍ ഏറെയും പുതുതായി ഈ രംഗത്തേക്ക് വന്ന ഇതര ജില്ലകളിലെ പ്രവാസികളാണെന്നാണ് കോഴി കർഷക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്.35 രൂപയ്ക്ക് വാങ്ങിയ കോഴിക്കുഞ്ഞിനെ 40 ദിവസം തീറ്റയും പരിചരണവുമേകി വില്‍ക്കുന്നവർക്ക് ചെലവ് തുക പോലും തിരിച്ചുകിട്ടുന്നില്ല. കോഴിക്കുഞ്ഞിന്റെ വില, തീറ്റ, മരുന്ന്, പരിചരണച്ചെലവ് എന്നിവ പ്രകാരം ഒരുകിലോ കോഴി ഉത്പാദിപ്പിക്കാൻ 90-100 രൂപ ചെലവാകും.ഫാമുകളില്‍ കിലോയ്ക്ക് 100- 110 രൂപയെങ്കിലും ലഭിച്ചാലേ മുന്നോട്ടുപോകാനാവൂ. അതേസമയം വില കുത്തനെ കുറഞ്ഞതോടെ ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ തന്നെ ഒരുകിലോ കോഴിക്ക് ജീവനോടെ 78- 83 രൂപയാണ് വില.
അതേസമയം ചില്ലറ വില്പനക്കാർ തമ്മിലുള്ള മത്സരവും വിലക്കുറവിന് കാരണമാകുന്നുണ്ട് , മത്സര അടിസ്ഥാനത്തിൽ ഓരോ മണിക്കൂറിലും വിലകുറച്ചാണ് ചില്ലറ വില്പനക്കാർ വിൽക്കുന്നത് , അതുകൊണ്ടുതന്നെ കോഴി വില്പനയും വലിയ രീതിയിൽ ആണെന്ന് നടത്തിവരുന്നത് . കാഞ്ഞങ്ങാട് മുതൽ പാലക്കുന്ന് വരെ വൈകുന്നേരം 3:00 മാണി കഴിഞ്ഞാൽ കോഴി വില്പന കഴിഞ്ഞ് കടകൾ പൂട്ടിപ്പോകുന്നത് പതിവു കാഴ്ചയാണ് . മത്സരം കടുത്താൽ വില 72 ലേക്ക് കൂപ്പുകുത്തിയേക്കും എന്നാണ് ജില്ലയിലെ പ്രമുഖ മൊത്തവിതരണക്കാരൻ പറയുന്നത് .