കാസർകോട്: ജില്ലാ കളക്ടറുടെ പേരിൽ വ്യാജ വാട്സ് ആപ് അക്കൗണ്ട് ആരംഭിച്ച സംഭവത്തിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു. കളക്ടർ കെ ഇമ്പശേഖരൻ്റെ നിർദ്ദേശപ്രകാരമാണ് സൈബർ പൊലീസ് അന്വേഷണം തുടങ്ങിയത്. ഇതിൻ്റെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്താൻ കാസർകോട് കോടതിയുടെ അനുമതി തേടി. ഈ മാസം മൂന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണെന്ന് പരാമർശിച്ച് കളക്ടറുടെ ഫേസ്ബുക്ക് പേജിലെ പോസ്റ്റാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഒരു സ്ക്രീൻ ഷോർട്ട് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കളക്ടറുടെ പേരിൽ ഫേസ്ബുക്കിൽ വ്യാജ പേജ് തുടങ്ങിയായിരുന്നു പ്രചാരണം. പരാതിക്ക് പിന്നാലെ ഈ പേജ് ഡിലീറ്റ് ചെയ്തിരുന്നു. ഇതിനുശേഷം ഇപ്പോൾ കളക്ടറുടെ പേരിൽ ശ്രീലങ്കയിൽ നിന്നുള്ള ഒരു നമ്പറിൽ വ്യാജ വാട്സ് ആപ്പ് അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ്. അതിൽ കളക്ടർ കെ ഇമ്പശേഖറിൻ്റെ ഫോട്ടോ പ്രൊഫൈൽ ചിത്രമായി ഉപയോഗിച്ചിട്ടുണ്ട്. ഈ അക്കൗണ്ട് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. രണ്ട് സംഭവത്തിലും അന്വേഷണം നടത്തി നടപടി സ്വീകരിക്കാനാണ് ഇപ്പോൾ കളക്ടർ സൈബർ സെല്ലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.