കാസർകോട്: കുപ്രസിദ്ധ ഭണ്ഡാര മോഷ്ടാവിനെ പൊലീസ് പിടികൂടി. പയ്യന്നൂർ കാനായി മുക്കൂട് സ്വദേശി തെക്കിൽ ബാബു(51) വിനെയാണ് പയ്യന്നൂർ ഡിവൈ.എസ്.പി കെ വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ പഴയങ്ങാടി എസ്.ഐ പി.യദുകൃഷ്ണനും സംഘവും പിടികൂടിയത്. ഇക്കഴിഞ്ഞ ഏപ്രിൽ പതിനഞ്ചിന് രാത്രി പഴയങ്ങാടി ബസ് സ്റ്റാൻ്റിന് സമീപത്തെ മാടായി പള്ളിയിലെ അഞ്ച് ഭണ്ഡാരങ്ങൾ കുത്തിതുറന്ന കേസിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഒളിവിൽ കഴിയുന്നതിനിടെ ബുധനാഴ്ച വൈകുന്നേരം തലശേരിയിൽ വെച്ചാണ് മോഷ്ടാവ് പൊലീസിൻ്റെ പിടിയിലായത്. കഴിഞ്ഞമെയ് മാസത്തിൽ ചന്തേര കാലിക്കടവ് കരക്കക്കാവ് ക്ഷേത്രത്തിലും, ജൂൺ മൂന്നിന് ചന്തേര ചെമ്പകത്തറ മുത്തപ്പൻ ക്ഷേത്രത്തിലും കവർച്ച നടത്തിയത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ ദൃശ്യം നിരീക്ഷണക്യാമറയിൽ നിന്നും ചന്തേര പൊലീസിന് ലഭിച്ചിരുന്നു. പയ്യന്നൂർ മേഖലയിൽ ദിവസങ്ങൾക്ക് മുമ്പ് കൊഴുമ്മൽ വരിക്കര ക്ഷേത്രത്തിലും രാമന്തളി താവൂരിയാട്ട്, മുച്ചിലോട്ട് ക്ഷേത്രം, എടാട്ട് പെരുമ്പുഴയച്ഛൻ ക്ഷേത്രത്തിലും ഭണ്ഡാരങ്ങൾ കുത്തിതുറന്ന് പണം കവർന്ന സംഭവത്തിലും ഇയാൾ സംശയത്തിൻ്റെ നിഴലിലായിരുന്നു. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൻ്റെ ഉപ ദേവാലയ ക്ഷേത്രത്തിലെ ഭണ്ഡാരം കവർന്ന കേസിലും പ്രതിയാണ്. അറസ്റ്റിലായ പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കി.