കാസർഗോഡ് : കടലേറ്റം രൂക്ഷമായതോടെ ചെമ്മനാട് കല്ലംവളപ്പിൽ മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കല്ലംവളപ്പിലെ കെ.എ.ഹനീഫ, കല്ലം വളപ്പ് തണ്ണിപ്പള്ള ഹൗസിലെ അയിഷബി, ബീഫാത്തിമ എന്നിവരുടെ കുടുംബങ്ങളെയാണ് മാറ്റിയത്. ബന്ധുവീടുകളിലേക്കും വാടക വീടുകളിലേക്കുമാണ് താമസം മാറിയത്.
കടലേറ്റഭീഷണി ഉയർന്നതിനെ തുടർന്ന് രണ്ടു ദിവസം മുൻപ് താമസംമാറിയ ദൈനബിയുടെ വീടിന്റെ അടിത്തറയ്ക്ക് തകരാർ ഉണ്ടായി. ഈ വീടിന്റെ പിൻവശത്തെ ജനാലച്ചില്ലും അടുക്കളയുടെ കതകും തകർന്നു.
ഉപ്പുവെള്ളം വീടിനുള്ളിൽ കയറിയതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് ഉച്ചയോടെ ഗൃഹോപകരണങ്ങൾ എല്ലാം സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റി. ഈ പ്രദേശത്ത് 10 മീറ്ററിലധികം കരഭൂമി കടലെടുത്തു. നിരവധി തെങ്ങുകളും ഫലവൃക്ഷങ്ങളും കടപുഴകി. കുറച്ചുദിവസമായി ഈ പ്രദേശത്ത് ചെറുതായി ഉണ്ടായിരുന്ന കടൽക്കലി ബുധനാഴ്ച പതിനൊന്നരയോടെ ശക്തിപ്രാപിക്കുകയായിരുന്നു.
പകൽ രണ്ട് മണിക്ക് ശേഷം വേലിയേറ്റം അവസാനിച്ചതോടെ തിരമാലകളുടെ ശക്തി അല്പം കുറഞ്ഞു. കളനാട് വില്ലേജോഫീസർ അഭിലാഷ് വി. പിള്ള, ചെമ്മനാട് പഞ്ചായത്ത് പ്രസിഡൻ്റ് സുഫൈജ അബൂബക്കർ, ഭരണസമിതിയംഗങ്ങൾ തുടങ്ങിയവർ പ്രദേശം സന്ദർശിച്ചു.
ഉദുമ പടിഞ്ഞാർ-കെപ്പൽ-ജന്മ-കൊവ്വൽ ബീച്ച് പ്രദേശങ്ങളിൽ കടലേറ്റം തുടരുകയാണ്. ഇരിയണ്ണി മാധവി, വെള്ളച്ചി അപ്പണ്ണൻ, ബലരാമൻ, ചെമ്പരിക്ക മുഹമ്മദ് എന്നീ കർഷകരുടെ കായ്ക്കുന്ന തെങ്ങുകൾ കടലെടുത്തു.
അതിനിടെ പ്രദേശവാസികൾ ചേർന്ന് രൂപവത്കരിച്ച തീരദേശ സംരക്ഷണസമിതി കളക്ടർക്ക് സമർപ്പിക്കുന്ന ഭീമഹർജിക്കുള്ള ഒപ്പ് ശേഖരണം ബുധനാഴ്ച സമാപിച്ചു. കടലേറ്റം ഉണ്ടായ പ്രദേശം സന്ദർശിക്കാൻ കളക്ടർ എത്തിയാൽ ആ സമയത്ത് ഹർജി കൈമാറാനും ഇല്ലെങ്കിൽ വെള്ളിയാഴ്ച കളക്ടറെ ചേംബറിൽ കണ്ട് ഹർജി സമർപ്പിക്കുമെന്നും സമിതി ഭാരവാഹികൾ അറിയിച്ചു.